കുന്ദമംഗലം: യുക്തിപരമായി ചിന്തിക്കാനും നൂതനാശയങ്ങൾ രൂപപ്പെടുത്താനും കഴിയുന്ന രീയിൽ ക്ലാസ് മുറികളിലെ ശാസ്ത്ര പഠന രീതി മാറണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു പറഞ്ഞു. കോഴിക്കോട് എൻ.ഐ.ടി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത ഫിസിക്സ് അദ്ധ്യാപകർക്കായുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് ദിവസങ്ങളിലായി നടക്കുന്ന റസിഡൻഷ്യൽ ശിൽപ്പശാലയിൽ 60 അദ്ധ്യാപകരാണ് പങ്കെടുക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്ക് കാൺപൂർ ഐ.ഐ.ടി വികസിപ്പിച്ചെടുത്ത നൂതന പരീക്ഷണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും. എൻ.ഐ.ടി ഡയറക്ടർ ഡോ. ശിവാജി ചാറ്റർജി അദ്ധ്യക്ഷത വഹിച്ചു. ഡോ. ബി.കെ. ത്യാഗി, മനീഷ് കുമാർ യാദവ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. യു.കെ. അബ്ദുന്നാസർ, ഡോ. സുജിത് എന്നിവർ പ്രസംഗിച്ചു. എൻ.ഐ.ടി ഫിസിക്സ് വിഭാഗം തലവൻ ഡോ. പി. പ്രദീപ് സ്വാഗതവും ഗവേഷണ
വിദ്യാർത്ഥി പതീക് നന്ദിയും പറഞ്ഞു.