കോഴിക്കോട്: പൂർത്തിയാകാത്ത നാലര കോടിയോളം രൂപയുടെ പ്രവർത്തികൾ കോർപറേഷൻ ഭേദഗതി ചെയ്‌തു. വാർഷിക പദ്ധതികൾ ഭേദഗതി ചെയ്യുന്നതിനായി ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.

ഭേദഗതി ചെയ്‌തവ ബഹുവർഷ പദ്ധതികളാക്കി.

പദ്ധതി വിഹിതത്തിൽ 36 ശതമാനം മാത്രമാണ് കോർപറേഷൻ ചെലവഴിച്ചത്. 4.36 കോടിയുടെ 70 പദ്ധതികളാണ് മാറ്റിവെച്ചത്. തുക നഷ്ടപ്പെടാതിരിക്കാൻ ചില പദ്ധതി വകമാറ്റാനും ഇന്നലെ ഡെപ്യൂട്ടി മേയർ മീര ദർശകിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള പ്രവർത്തികളാണ് വക മാറ്റിയത്.

ജീവനക്കാരുടെ പഞ്ചിംഗ് നടപ്പാക്കാത്തതാണ് കാര്യക്ഷമതയില്ലാത്തതിവ് മുഖ്യകാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ, പി. കിഷൻചന്ദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 80 ശതമാനം പദ്ധതികൾ നടന്നെന്ന്

സാമ്പത്തിക വർഷം തീരാനിരിക്കെ 36 ശതമാനം ഫണ്ടാണ് മാത്രമാണ് വിനിയോഗിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പക്ഷേ ട്രഷറിയിൽ നിന്ന് 32 ശതമാനം തുകയുടെ ബിൽ മാത്രമേ പാസായുള്ളൂ എന്നതിനാലാണ് കണക്കിൽ കുറവ് വരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 59 ശതമാനം പദ്ധതിയുടെ ബില്ലുകൾ സമർപ്പിച്ച് കഴിഞ്ഞെന്നും 80 ശതമാനം തുകയുടെ ബിൽ ഈ സാമ്പത്തികവർഷം തന്നെ ട്രഷറിയിൽ കൊടുക്കാനാവുമെന്നും സെക്രട്ടറി ബിനു ഫ്രാൻസിസ് കൗൺസിൽ യോഗത്തെ അറിയിച്ചു.

മാറ്റിയ പ്രധാന പദ്ധതികൾ

 ജീവനക്കാരുടെ പഞ്ചിംഗ് ശമ്പളവുമായി ബന്ധിപ്പിക്കൽ - 5 ലക്ഷം

 പഴയ കോർപറേഷൻ ഓഫീസ് നവീകരിക്കൽ - 21 ലക്ഷം

 പഴയ ഓഫീസിൽ മ്യൂസിയം ഒരുക്കൽ - 15 ലക്ഷം

 പെരുന്തിരുത്തി ഗ്രൗണ്ട് നവീകരണം - 40 ലക്ഷം

'പദ്ധതി ഭേദഗതിയിലുടെയും വകമാറ്റുന്നതിലൂടെയും ലഭ്യമാകുന്ന പണം എളുപ്പം നടപ്പാക്കാവുന്ന ഭൂമി ഏറ്റെടുക്കൽ നടപടി പോലുള്ളവക്ക് ഉപയോഗിക്കും".

പി.സി. രാജൻ, വികസന സ്ഥിരം സമിതി ചെയർമാൻ

'മതിയായ മുന്നൊരുക്കം നടത്താതെ പതിവിൻപടി പദ്ധതികൾ മാറ്റിവക്കുകയാണ്".

അഡ്വ പി.എം. സുരേഷ് ബാബു, പ്രതിപക്ഷ നേതാവ്

'റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് പോലും മാറ്റിവെക്കുന്നത് ശരിയായ നടപടിയല്ല"

നമ്പിടി നാരായണൻ,ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ

'ഭൂരിപക്ഷം ഉദ്യോഗസ്ഥരും പഞ്ചിംഗ് ഇല്ലാതെയും കാര്യക്ഷമമായി രാത്രി പോലും പണിയെടുക്കുന്നുണ്ട്. പഞ്ചിംഗ് യന്ത്രവും സോഫട്‌വെയറും ബന്ധിപ്പിക്കുന്നതിലുള്ള സാങ്കേതികപ്രശ്‌നമാണ് തടസം. 40 ദിവസത്തോളം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതും ട്രഷറി നിയന്ത്രണങ്ങളും പണം സമയത്തിന് ചെലവിടുന്നതിന് തടസമായി".

- ബിനു ഫ്രാൻസിസ്, (കോർപറേഷൻ സെക്രട്ടറി)