കോഴിക്കോട്: പ്രളയത്തിൽ നശിച്ച വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേന അനുവദിച്ച ആർ.കെ.എൽ.എസ് വായ്പയുടെ പലിശ സബ്‌സിഡി വിതരണം തുടങ്ങി. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒളവണ്ണ ഇ.എം.എസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവ്വഹിച്ചു. ആകെ 1.96 കോടി രൂപയാണ് ഒന്നാം ഘട്ടം പലിശയായി നൽകുന്നത്.
തിരിച്ചടവ് ഉറപ്പാക്കി ഒരു കുടുംബത്തിന് പരമാവധി ഒരു ലക്ഷം രൂപവരെയാണ് വിവിധ ബാങ്കുകളിലൂടെ വായ്പ അനുവദിച്ചത്. വായ്പയിന്മേലുള്ള ഒമ്പത് ശതമാനം പലിശ സർക്കാർ ബാങ്കുകൾക്ക് നൽകുമെന്നും അറിയിച്ചു. ഫലത്തിൽ ഗുണഭോക്താക്കൾക്ക് പലിശ രഹിത വായ്പയുടെ ഫലം ലഭിക്കുകയും ചെയ്തു. ജില്ലയിലെ 780 അയൽക്കൂട്ടങ്ങളിലെ 774 അംഗങ്ങൾക്ക് 24 കോടി രൂപയാണ് വിവിധ ബാങ്കുകൾ വഴി പദ്ധതിയിൽ അനുവദിച്ചത്.
ചടങ്ങിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി. കവിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ.കെ. ജയപ്രകാശൻ, ടി.പി. സുമ എന്നിവർ പങ്കെടുത്തു.