കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയ ചുമർചിത്രരചനയിൽ നിറഞ്ഞത് സ്ത്രീ ശാക്തീകരണ സന്ദേശങ്ങൾ. മാനാഞ്ചിറയിലെ പി ഡബ്ല്യു ഡി കെട്ടിട ചുമരിൽ മദർ തെരേസയും മലാലയും കിരൺ ബേദിയും പി ടി ഉഷയും വർണചിത്രങ്ങളായി മാറി. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ചുമർചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. പെൺകുട്ടികളെ സ്വപ്നം കാണാനും ഉയരങ്ങൾ കീഴടക്കാനും പ്രേരിപ്പിക്കണമെന്ന സന്ദേശമായിരുന്നു ഓരോ ചിത്രത്തിലും.

'ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും സംവിധാനങ്ങളും' എന്ന വിഷയം ആസ്പദമാക്കിയായിരുന്നു മത്സരം. ഒരു കുട്ടി കൗമാരം കടന്ന് യുവതിയായി മാറി ഒരു കുഞ്ഞിന് ജന്മം നൽകി ആ കുഞ്ഞിന് വിദ്യാഭ്യാസം നൽകുന്നത് വരെയുള്ള മുഹൂർത്തങ്ങൾ ചിത്രരൂപത്തിൽ കാഴ്ചക്കാരിലേക്കെത്തിച്ച രചനയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. യൂണിവേഴ്‌സൽ ആർട്‌സ് കോളേജ് വിദ്യാർത്ഥികളായ ഇ ബിപിൻ, നന്ദന ദാസ് , മുഹമ്മദ് ഷഫീഖ്, ജോർജ്ജ് ഫിലിപ്പ് എന്നിവരടങ്ങിയ ടീമാണ് വിജയികളായത്.

ഒന്നാം സ്ഥാനം ലഭിച്ചവർക്ക് 5000 രൂപയും പങ്കെടുത്ത എല്ലാവർക്കും 3500 രൂപ വീതവുമാണ് സമ്മാനമായി നൽകി. 13 അപേക്ഷകളിൽ നിന്നു തിരഞ്ഞെടുത്ത അഞ്ചു ഗ്രൂപ്പുകളാണ് നാലു ദിവസം നീണ്ട മത്സരത്തിൽ പങ്കെടുത്തത്.

ചടങ്ങിൽ വനിത ശിശു വികസന ഓഫീസർ അനീറ്റ എസ് ലിൻ, ജൂനിയർ സൂപ്രണ്ട് ടി എം സുരേഷ് കുമാർ, ഹെഡ് അക്കൗണ്ടന്റ് ടി കെ അനിൽ തുടങ്ങിയവർ പങ്കെടുത്തു.