കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ഒരു ജില്ല ഒരു ഉത്പന്നം എന്ന പദ്ധതിയിൽ വയനാടിനെയും ഉൾപ്പെടുത്തി. പട്ടുനൂൽ ഉൽപാദനത്തിന് വേണ്ടി തിരഞ്ഞെടുത്ത രാജ്യത്തെ 50 സിൽക്ക് ജില്ലകളിൽ ഒന്നായാണ് കേന്ദ്ര വസ്ത്ര മന്ത്രാലയം വയനാട് ജില്ലയെ തെരഞ്ഞെടുത്തത്.

അനുയോജ്യമായ കാലാവസ്ഥയും മൾബറി കർഷകരുടെ ഉൽപാദനക്ഷമതയും കൊക്കൂൺ വിപണനത്തിനുളള സൗകര്യവും കണക്കിലെടുത്താണ് വയനാട് പദ്ധതിയിൽ സ്ഥാനം പിടിച്ചത്. പൂർണ്ണമായും ബൈവോൾ ടൈൻ കൊക്കൂൺ ഉൽപാദിപ്പിക്കുന്ന ജില്ലയെന്ന നിലയിലും വയനാടിന് പട്ടുനൂൽകൃഷിയിൽ വൻ സാധ്യതയുണ്ടെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി മജീദ് പറഞ്ഞു.
പട്ടുനൂൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് കേന്ദ്ര വസ്ത്ര മന്ത്രാലയം സെൻട്രൽ സിൽക് ബോർഡ് മുഖേന രാജ്യത്ത് സിൽക്ക് ഡിസ്ട്രിക്ട് പദ്ധതി വ്യാപിപ്പിക്കുന്നത്. ഗ്രാമീണ മേഖലയിൽ ധാരാളം തൊഴിൽ സാധ്യതയുളള പദ്ധതിയാണ് പട്ടുനൂൽ പുഴുവളർത്തലും കൊക്കൂൺ ഉൽപാദനവും അനുബന്ധ മേഖലകളും.

നിലവിൽ ചൈനയിൽ നിന്നാണ് പട്ടുനൂൽ ഇറക്കുമതി ചെയ്യുന്നത്. ചൈനയിൽ ഉൽപാദനം കുറഞ്ഞത് കാരണം വിപണിയിൽ കൊക്കൂണിന് കിലോഗ്രാമിന് 600 മുതൽ 700 രൂപ വരെ വില ലഭിക്കുന്നുണ്ട്.

നിലവിൽ ജില്ലയിൽ 70 ഏക്കറിലാണ് മൾബറി കൃഷി ചെയ്യുന്നത്. ഏകദേശം 9.5 ടൺ ഉൽപാദനവും ലഭിക്കുന്നുണ്ട്. പദ്ധതി കൂടി നടപ്പാകുന്നതോടെ ആദ്യ ഘട്ടത്തിൽ നൂറ് ഏക്കർ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും ഉൽപാദനം 13 ടണ്ണിലേക്ക് ഉയർത്താനും സാധിക്കുമെന്നാണ് സെറികൾച്ചർ വകുപ്പ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഗ്രാമ വികസന വകുപ്പിന്റെ ഭാഗമായ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം മുഖേനയാണ് സിൽക് ഡിസ്ട്രിക് പദ്ധതി നടപ്പാക്കുക.

വിശദവിവരങ്ങൾക്ക് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം.ഫോൺ. 04936 202465.