കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന് കീഴിൽ ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയം പൂതാടിയിൽ നിർമ്മിക്കും.
പൂതാടി ഗ്രാമ പഞ്ചായത്ത് ചെറുകുന്ന് നാലുസെന്റ് കോളനിയിൽ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജൻ മാർച്ച് 14 നു രാവിലെ 10.30 ന് ലൈഫ് ഫ്ളാറ്റിന് തറക്കല്ലിടും. 2491 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഫ്ളാറ്റാണ് നിർമ്മിക്കുന്നത്. 43 കുടുംബങ്ങളെ താമസിപ്പിക്കാൻ കഴിയുന്നതാണ് ഭവന സമുച്ചയം. ഭൂരഹിത ഭവന രഹിതർക്കായുള്ള ലൈഫ് മൂന്നാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഇതോടെ തുടക്കമാവും.
ഫ്രീ ഫാബ് സാങ്കേതിക വിദ്യ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകൾ നിർമ്മിക്കുന്നത്. 5,54,88,000 രൂപ ചെലവഴിച്ചാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് സമുച്ചയത്തിനായി തെരഞ്ഞടുത്തിട്ടുള്ളത്. തറക്കല്ലിടൽ ചടങ്ങിന് പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രമണ്യൻ, ജില്ലാ ലൈഫ് മിഷൻ കോർഡിനേറ്റർ കെ.സിബി വർഗ്ഗീസ്, നിർവഹണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ അടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.