road

കോഴിക്കോട്: ജില്ലയിലെ തീരദേശ - പ്രാദേശിക റോഡുകൾ വികസനത്തിന്റെ പാതയിലാണ്. എലത്തൂരിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി നിരവധി റോഡുകളാണ് മുഖം മിനുക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി ആറ് റോഡുകളാണ് മന്ത്രി എ.കെ. ശശീന്ദ്രൻ നാടിന് സമർപ്പിക്കുന്നത്.

നന്മണ്ട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എം.എൽ.എ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷവും ഉപയോഗിച്ച് നിർമ്മിക്കുന്ന കരുണാറാം കരിപ്പാലമുക്ക് റോഡ് ഇന്ന് ഉദ്ഘാടനം ചെയ്യും.

കക്കോടി ഗ്രാമപഞ്ചായത്തിലെ മുക്കം - കടവ്ബദിരൂർ തീരദേശ റോഡും യാഥാർത്ഥ്യമാവുകയാണ്. 65 ലക്ഷം രൂപയ്‌ക്ക് 950 മീറ്റർ നീളത്തിൽ ആധുനിക ഇന്റർലോക്ക് സംവിധാനത്തിലാണ് റോഡിന് നിർമ്മിച്ചത്. അകാലപ്പുഴയുടെ തീരത്തുള്ള റോഡ് പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യത വർദ്ധിപ്പിക്കും. കാക്കൂർ ഗ്രാമപഞ്ചായത്തിൽ എഴുലക്ഷം ചെലവഴിച്ച് നിർമ്മിച്ച 240 മീറ്റർ പുന്നശ്ശേരി ആറോളിപൊയിൽ ചെറുകണ്ടിത്താഴം കള്ളക്കണ്ടി റോഡും മന്ത്രി ഉദ്ഘാടനം ചെയ്യും. കക്കോടി, ചേളന്നൂർ, തലക്കുളത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.

എട്ടിന് ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ കല്ലിട്ടപ്പാലം - വടക്കേകണ്ടിയിൽതാഴം റോഡ്, ചേളന്നൂർ രാമാശ്രമം റോഡ് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്യും. തീരദേശന വികസന ഫണ്ടിൽ നിന്ന് 53.60 ലക്ഷം രൂപ ചെലവഴിച്ചാണ് കല്ലിട്ടപ്പാലം വടക്കേകണ്ടിയിൽതാഴം റോഡിന്റെ നിർമ്മാണം. റോഡിന്റെ ആദ്യഘട്ടത്തിൽ മണ്ഡലം എം.എൽ.എ കൂടിയായ എ.കെ. ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഓളോപ്പാറ തീരദേശദേശത്തെ ടൂറിസം സാദ്ധ്യത വർദ്ധിപ്പിക്കാൻ റോഡ് വികസനം സഹായിക്കും. 300 മീറ്റർ നീളത്തിലുള്ള ചേളന്നൂർ രാമാശ്രമം റോഡ് എം.എൽ.എ ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്. ഒമ്പതിന് നന്മണ്ടപുതിയോട്ടിൽ കുട്ടല്ലൂർ ക്ഷേത്രം റോഡ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.