കൊടിയത്തൂർ: വേൾഡ് ട്രയാത്‌ലോൺ കോർപ്പറേഷൻ ദുബൈയിൽ സംഘടിപ്പിച്ച "അയൺ മാൻ 70.3 ചാലഞ്ച് " മത്സരം വിജയകരമായി പൂർത്തിയാക്കിയ ചെറുവാടിയിലെ ആനിസ് ആസാദിനെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
അയൺ മാൻ ചാലഞ്ചിൽ 2 കിലോമീറ്റർ കടലിൽ നീന്തലും 90 കിലോമീറ്റർ സൈക്ലിംഗും 21 കിലോമീറ്റർ ഓട്ടവും തുടർച്ചയായി നിശ്ചിതസമയത്തിനകം പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. 101 രാജ്യങ്ങളിൽ നിന്നായി 2400 പേർ പങ്കെടുത്തിരുന്നു മത്സരത്തിൽ. എട്ടര മണിക്കൂർ അനുവദിച്ച മത്സരത്തിൽ 6 മണിക്കൂർ 28 മിനുട്ട് കൊണ്ട് പൂർത്തിയാക്കിയാണ് ആനിസ് ഇന്ത്യൻ ദേശീയപതാക പറത്തി നാടിന്നഭിമാനമായത്.
ചടങ്ങിൽ ആനിസ് ആസാദിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള പൊന്നാടയണിയിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ ആമിന പാറക്കൽ, തൊഴിലുറപ്പ് വിഭാഗം എൻജിനിയർ റാസിക്ക് എന്നിവർ സംബന്ധിച്ചു.
റഷ്യൻ - ബ്രിട്ടീഷ് പരിശീലകരുടെ കീഴിലായിരുന്നു ആനിസിന്റെ നീന്തൽ പരിശീലനം. മറ്റുള്ളവയ്ക്ക് പരിശീലകനായത് മലപ്പുറം സ്വദേശി മോഹൻദാസും.
റിട്ട. റീജിനൽ എംപ്ളോയ്മെന്റ് ഓഫീസറും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ചേറ്റൂർ മുഹമ്മദിന്റെയും (ബാപ്പു) റിട്ട. അദ്ധ്യാപിക ജമീലയുടെയും മകനാണ് ഈ 26-കാരൻ. ദുബായ് തുമ്പെ ഫാർമസിയിൽ അജ്മാൻ ഏരിയാ മാനേജരാണ് ഇദ്ദേഹം. ഭാര്യ മുഫീദ. മൂന്ന് മക്കളുണ്ട്.