ck-janu

കൽപ്പറ്റ: എൻ.എൻ.ഡി.എ യിൽ അനുഭവിച്ച അതേ അവഗണന തന്നെയാണ് ഇടതുമുന്നണിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു പറഞ്ഞു. വെറുതെ ഇങ്ങനെ തുടരുന്നതിൽ അർത്ഥമില്ല. ഇടതുമുന്നണിയുമായുളള ബന്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് വരുന്ന സംസ്ഥാന കമ്മറ്റി യോഗം അന്തിമ തീരുമാനം കൈക്കൊളളും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി തനിച്ച് മത്സരിക്കുമെന്നും ജാനു വ്യക്തമാക്കി.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഡി.എയുമായുളള സഖ്യം അവസാനിപ്പിച്ച് ഇടതുമുന്നണിയുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇങ്ങനെ ഉമ്മറത്ത് എത്രകാലം കാത്തിരിക്കും?. ഒരു തീരുമാനം ഇതേവരെ ഉണ്ടാകാത്തതുകൊണ്ട് ഇനിയും ഈ ബന്ധം തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രവർത്തിച്ചു. മുന്നണി നേതാക്കൾക്കൊപ്പം വേദികൾ പങ്കിട്ടു. തുടർന്നുളള എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുകയും ചെയ്തു. മുന്നണി പ്രവേശനം സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി എ.കെ.ബാലൻ എന്നിവരുമായൊക്കെ സംസാരിച്ചതാണ്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് കരുതി. പക്ഷെ ഇത്രയും കാലം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. പാർട്ടിയിൽ ലയിക്കാനായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ സംഘടന അതിനോട് യോജിച്ചില്ല. വേണമെങ്കിൽ മുന്നണി ബന്ധമാകാമെന്ന് അറിയിച്ചു.

എൻ.ഡി.എ പറഞ്ഞ് പറ്റിച്ചു. വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. ഇതേ സമീപനം തന്നെയാണ് ഇടതു മുന്നണിയുടേതും. ഇനി തനിച്ച് നീങ്ങാനാണ് തീരുമാനം.