ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കും

സുൽത്താൻ ബത്തേരി: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ ശുചീകരണപ്രവർത്തനവുമായി പ്രവാസി വയനാട് ഷാർജ ചാപ്റ്ററും, വയനാട് ട്രക്കിംഗ് ടീമും. ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും പരിസരത്തും അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗ്രീൻ വയനാട് ക്ലീൻ വയനാട് എന്ന സന്ദേശവുമായാണ് ഒരു കൂട്ടം യുവാക്കൾ ശുചീകരണ പ്രവർത്തനവുമായി രംഗത്തിറങ്ങുന്നത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്നകേന്ദ്രങ്ങളായിരിക്കും ശുചീകരിക്കുക. പിന്നീട് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മുത്തങ്ങയിൽ നടക്കും. മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റ് മുതൽ പൊൻകുഴി വരെയുള്ള ഭാഗമാണ് ശുചീകരിക്കുക. 60-ഓളംപേർ പരിപാടിയിൽ പങ്കെടുക്കും. നൂൽപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭൻകുമാർ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഷംസുദ്ദീൻ കുളങ്ങര, കെ. പി.ലാൽ, യു.നൗഫൽ, മുജീബ് ചെതലയം എന്നിവർ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കുള്ള വീടുകളുടെ

തറക്കല്ലിടൽ 9-ന്

സുൽത്താൻ ബത്തേരി: ഗവ.സർവജന സ്‌കൂളിൽവെച്ച് കഴിഞ്ഞ വർഷം പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കൂട്ടുകാരികൾക്കുള്ള വീടിന്റെ തറക്കല്ലിടലും മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും തിങ്കളാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വന്തമായി വീടില്ലാത്ത നിദ ഫാത്തിമ, കീർത്തന, വിസ്മയ എന്നീ മൂന്ന് കുട്ടികൾക്കാണ് വീടുകൾ നിർമിച്ചുനൽകുന്നത്. ഇതോടൊപ്പം കുടുക്കിയിലെ ജമീലയ്ക്കും വീട് നിർമിച്ചുനൽകും.
ഷഹല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ബത്തേരിയിലെ വീട്ടിലെത്തിയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, നാദാപുരത്തെ മുസ്ലിം എഡ്യുക്കേഷൻ ട്രസ്റ്റ് പ്രതിനിധികളും, എംഎസ്എഫ് സംസ്ഥാനനേതാക്കളും കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും സ്വന്തമായി വീടില്ലാത്ത ഇവർക്ക് വീട് വെച്ച് നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
കല്ലൂരിലെ പരേതനായ പി.സി മാമുവിന്റെ മകൻ പി.സി സിദ്ധിഖ് രണ്ട് കുട്ടികൾക്ക് വീട് വെക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകി. ഒരാൾക്കുകൂടി സ്ഥലം ഉടൻതന്നെ കണ്ടെത്തും.
രാവിലെ 9ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് മുനവറലി ശിബാബ് തങ്ങളുടേയുംനേതൃത്വത്തിൽ സ്വതന്ത്ര മൈതാനിയിൽ തറക്കല്ലിടൽ കർമം നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഷ്‌കർ ഫാറൂഖ് പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ടി.മുഹമ്മദ്, പി.പി അയൂബ്, എം.എ അസൈനാർ, അബ്ദുള്ള മാടക്കര, കെ.പി അഷ്‌കർ, സി.കെ ഹാരിഫ്, ഇബ്രാഹിം തൈത്തൊടി എന്നിവർ പങ്കെടുത്തു.