വടകര : ദേശീയപാത വികസനത്തിനായി മൂരാട്, അഴിയൂർ ബൈപാസ് എന്നിവിടങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ വിട്ടുനൽകിയ വ്യാപാരികൾ പെരുവഴിയിലായ മട്ടിലായി.
നഷ്ടപരിഹാരത്തിനായി ലാൻഡ് അക്വസിഷൻ തഹസിൽദാരുടെ ഓഫീസിൽ നിരന്തരം കയറിയിറങ്ങിയിട്ടും കാര്യമില്ലെന്ന അവസ്ഥയാണെന്ന് കച്ചവടക്കാർ പറയുന്നു. പുതിയ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം കച്ചവടം നഷ്ടപ്പെടുന്ന വ്യാപാരിയ്ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും ജോലിചെയ്യുന്ന അംഗീകൃത തൊഴിലാളിക്ക് ആറു മാസത്തെ വേതനവും അനുവദിക്കണമെന്നാണ്. എന്നാൽ ഈ കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകാർ ഉരുണ്ടുകളിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
മൂരാട് പുതിയ പാലം നിർമ്മിക്കാനും തലശ്ശേരി - മാഹി ബൈപാസിനു വേണ്ടിയും നിരവധി വ്യാപാരികളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാര പാക്കേജാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ധരിപ്പിച്ചായിരുന്നു കുടിയൊഴിപ്പിക്കൽ. താത്കാലികശ്വാസമായി കുറച്ച് പണമെങ്കിലും ലഭിക്കുമെന്ന് കരുതിയ ജീവനക്കാർക്ക് കണ്ണീർ മാത്രമാണ് മിച്ചം. കച്ചവട സ്ഥാപനത്തിൽ നിന്ന് പുറത്ത് പോവേണ്ടി വന്നവർ ജീവനോപാധി നഷ്ടപ്പെട്ട് ഉഴലുകയാണ്. കഴിഞ്ഞ ദിവസം ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ ഓഫീസിലെത്തിയപ്പോൾ നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നതായിരിക്കും നല്ലതെന്ന ഉപദേശമായിരുന്നു ചില ഉദ്യോഗസ്ഥരുടേതെന്ന് വ്യാപാരികൾ പറയുന്നു. ഇതേ അവസ്ഥ തന്നെ വരുമെന്ന ആധിയിലാണ് സ്ഥലമെടുപ്പ് നേരിടുന്ന മറ്റിടങ്ങളിലെ വ്യാപാരികളും.
ഗൗരവതരമായ പ്രശ്നം ശ്രദ്ധയിൽ പെടുത്തിയിട്ടും വ്യാപാരി സംഘടനകൾ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപമുണ്ട് പൊതുവെ കച്ചവടക്കാർക്ക്.