വടകര : ചോമ്പാൽ മിനി സ്റ്റേഡിയം ഒരു മാസത്തേക്ക് വിനോദ പ്രദർശനത്തിന് നൽകിയ പഞ്ചായത്ത് നടപടി വിവാദത്തിലായി. മടപ്പള്ളി കൈരളി കൾച്ചറൽ ഫോറത്തിനാണ് മാർച്ച് 21 മുതൽ ഏപ്രിൽ 23 വരെ പ്രദർശനം നടത്താൻ പഞ്ചായത്ത് അനുമതി നൽകിയത്. കായിക പരിശീലനത്തിനും കളികൾക്കും ഇതോടെ സ്ഥലമില്ലാതാവുമെന്ന് സ്പോർട്സ് പ്രേമികൾ പറയുന്നു. എസ് എസ് എൽ സി പരീക്ഷയടക്കം നടക്കുന്ന സമയമാണെന്നിരിക്കെ വിദ്യാർത്ഥികൾക്കും പ്രദർശനം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സമീപവാസികളും ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സ്റ്റേഡിയം പ്രദർശനത്തിന് നൽകിയതിനെച്ചൊല്ലി ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ബഹളവും നടന്നിരുന്നു. യു ഡി എഫ് ഉം ആർ എം പി അംഗങ്ങളും സ്റ്റേഡിയം ഒരു മാസത്തോളം പ്രദർശനത്തിന് നൽകുന്നത് കായികതാരങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. എസ് എസ് എൽ സി പരീക്ഷ അടുത്ത സാഹചര്യത്തിൽ മാർച്ച് മാസത്തിൽ തുടങ്ങുന്ന പ്രദർശനം മാറ്റണമെന്നും ആവശ്യമുയർന്നു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് രേഖപ്പെടുത്തി സ്റ്റേഡിയം അനുവദിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.
ഒരു മാസകാലമാണ് പ്രദർശനമെങ്കിലും പവലിയനും മറ്റും ഒരുക്കാനും അഴിച്ചുകൊണ്ടുപോകാനും പതിനഞ്ചു ദിവസത്തോളം കൂടുതലായി എടുക്കും.
സ്റ്റേഡിയം കളികൾക്കല്ലാതെ മറ്റാവശ്യത്തിനു കൊടുക്കരുതെന്ന് അഴിയൂർ പഞ്ചായത്തിലെ സ്പോർട്സ് ക്ലബുകളുടെ യോഗം ആവശ്യപ്പെട്ടു. ഒരു മാസക്കാലം കായിക പരിശീലനങ്ങളും മറ്റും മുടങ്ങുന്നത് ഒരിക്കലും നീതീകരിക്കാൻ കഴിയിലെന്നും യോഗം വിലയിരുത്തി. പഞ്ചായത്ത് നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. അതിനിടെ, എസ് എസ് എൽ സി പരീക്ഷ അടുത്ത സാഹചര്യത്തിൽ പ്രദർശനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സമീപവാസികളായ നാട്ടുകാർ ജില്ലാ ഭരണകൂടത്തിനും പഞ്ചായത്തിനും നിവേദനം നൽകി.
എസ് എസ് എൽ സി പരീക്ഷ കഴിയുന്നതുവരെ പ്രദർശനം മാറ്റണമെന്ന് കൈരളി കൾച്ചറൽ ഫോറത്തോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് വി പി ജയൻ പറഞ്ഞു.