കൽപ്പറ്റ: വയനാട് പാക്കേജിന്റെ പേരിൽ കൃഷി ഭൂമി സ്വകാര്യ കമ്പനികളുടെ പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് വയനാട് കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു
ലക്ഷക്കണക്കിന് രൂപയുടെ സാധങ്ങൾ വിവിധ സ്വകാര്യ
കമ്പനികളിൽ നിന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കർഷകർക്ക് വാങ്ങി നൽകുകയാണ്. ലിറ്ററിന് 700 രൂപ വിലവരുന്ന ബ്ലൂറിച്ച്, 600 രൂപ വിലയുള്ള സ്പാ 4 എന്നീ ലായനികളും, ഫൈറ്റോട്രാൻ, അഗ്രി ബ്ലോസം,
സ്യൂഡോമോണസ് എന്നീ പേരുകളിലുള്ള പൗഡറുകളും, 900 രൂപ വിലവരുന്ന ടിക്കോകാപ്പ് എന്ന ഗുളികകളുമാണ് കുരുമുളക് സമിതികൾ മുഖേന കർഷകർക്ക് നൽകുന്നത്. ദ്രുതവാട്ടം, സാവധാനവാട്ടം, വേര്ചീയൽ എന്നിവയ്ക്കുള്ള പ്രതിവിധിയായാണ് ഈ ഉൽപ്പന്നങ്ങൾ കർഷകർക്ക്
നൽകുന്നത്.
ഈ ഉൽപ്പന്നങ്ങൾ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് ഉപയോഗിക്കാൻ സാധിക്കുക. ഇവ കർഷകർ ചാക്കിൽ
കെട്ടി സൂക്ഷിക്കാറാണ് പതിവ്. വേനലും വർഷവും കഴിഞ്ഞ് ഉപയോഗിക്കേണ്ട സമയം വരമ്പോൾ അവ പ്രയോജനരഹിതമാവുകയും ചെയ്യും.
മണ്ണിന് ഈർപ്പമുള്ളപ്പോൾ മാത്രം ഉപയോഗിക്കേണ്ടവയാണ് ഈ ജൈവ ഉൽപ്പന്നങ്ങൾ. 14000 രൂപ വിലയ്ക്കുള്ള ഈ ഉൽപ്പന്നങ്ങൾ കർഷകർക്ക് നൽകുന്നതിന് പകരം ജലസേചന സൗകര്യത്തിനായി
കുളം, കിണർ എന്നിവ നിർമിക്കാനും, സ്പ്രിംഗ്ളർ, ഡ്രിപ്പ് ഇറിഗേഷൻ, പൈപ്പുകൾ, മോട്ടോറുകൾ എന്നിവ വാങ്ങുന്നതിനും ചാണകം
വാങ്ങുന്നതിന് സബ്സിഡി നൽകുന്നതിനോ ഫണ്ട് ചെലവഴിച്ചാൽ കൃഷിക്കാരന് പ്രയോജനപ്പെടും.
വാർത്താസമ്മേളനത്തിൽ ചെയർമാൻ ഇ.പി ഫിലിപ്പുകുട്ടി, കൺവീനർ അഡ്വ. ടി.യു.ബാബു, ട്രഷറർ ഏച്ചോം ഗോപി, ലാലാജി ശർമ്മ, എ.സതീശ് കുമാർ എന്നിവർ
പങ്കെടുത്തു.