കോഴിക്കോട്: ജില്ലയിൽ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗം പടരുന്നത് തടയാൻ ഒരു കിലോമീറ്റർ ചുറ്റളവിൽ മുഴുവൻ വളർത്തു പക്ഷികളെയും കൊന്നു കത്തിക്കാൻ തീരുമാനം. വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരി പരിസരത്തുമായി കൊന്നൊടുക്കൽ ഇന്ന് രാവിലെ തുടങ്ങും. അഞ്ചു പേർ വീതമടങ്ങിയ 25 സംഘങ്ങൾക്ക് ഇതിനായി പരിശീലനം നൽകി. പത്ത് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രത പാലിക്കാൻ അധികൃതരുടെ മുന്നറിയിപ്പുമുണ്ട്.
വെസ്റ്റ് കൊടിയത്തൂരിലെ പുതിയോട്ടിൽ ഫാമിലും വേങ്ങേരി കല്ലുവീട്ടിൽ ശ്രീകാന്തിന്റെ വളർത്തു കോഴികൾക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരു ദിവസം മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ സർക്കാർ ഉടമസ്ഥതയിലുള്ള ചാത്തമംഗലത്തെ ഫാമിൽ നിന്ന് വാങ്ങി 45 ദിവസമാകുമ്പോൾ വില്പന നടത്തുകയാണ് പുതിയോട്ടിൽ ഫാം. ശ്രീകാന്തിന്റെ കോഴി വളർത്തൽ വീട്ടാവശ്യത്തിനും മുട്ടയ്ക്കും.
പുതിയോട്ടിൽ ഫാമിൽ 35 ദിവസം പ്രായമായ രണ്ടായിരം കോഴികളുണ്ടായിരുന്നു. ഇവ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയതോടെ ഫാം ഉടമകളായ സെറീനയും മജീദും വെറ്ററിനറി ഡോക്ടറെ സമീപിക്കുകയായിരുന്നു. 50 കോഴികളേ അവശേഷിക്കുന്നുള്ളൂ.
ശ്രീകാന്തിന്റെ വീട്ടിലുണ്ടായിരുന്നത് 23 നാടൻ മുട്ടക്കോഴികളാണ്. കുറച്ച് ദിവസം മുമ്പ് ഏഴു കോഴികൾ ഒന്നിച്ചു ചത്തു. ഇവയിലൊന്നിനെ പോസ്റ്റ്മോർട്ടത്തിനായി ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചു. സാമ്പിൾ പരിശോധനയ്ക്ക് ഭോപ്പാലിൽ അയയ്ക്കുകയായിരുന്നു. ഇപ്പോൾ രണ്ടു കോഴികളേ ബാക്കിയുള്ളൂ.
നഷ്ടപരിഹാരം നൽകണം
ഇന്ന് മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇറച്ചിക്കോഴി വില്പന നിറുത്തിവയ്ക്കാൻ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പലതും നിർദ്ദേശിച്ചിരിക്കുകയാണ്. കച്ചവടം നിലയ്ക്കുന്നതോടെ വായ്പ തിരിച്ചടയ്ക്കാനാവാതെ വരുമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കൊന്നൊടുക്കുന്ന കോഴികൾക്ക് നഷ്ടപരിഹാരവും നൽകണം.