photo

ബാലുശ്ശേരി: "എത്ര പെണ്ണുങ്ങളാ വീട്ടില് വെറുതെ കുത്തിരിക്കുന്നത്... പ്രായായിട്ടും ഞാനിങ്ങനെ പണിയ്ക്കൊക്കെ പോന്നത് കാണുമ്പം ഓലുക്കും ഒരു ഉഷാറ് തോന്നുലേ... ? ചോദ്യമെറിയുന്നത് 92-കാരി മാണിക്കം. എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും തൊഴിലുറപ്പ് പണിയ്ക്ക് ഇപ്പോഴും ചെറുപ്പക്കാരികൾക്കൊപ്പം മാണിക്ക്യമ്മ റെഡി.

വീട്ടില് ങ്ങനെ കുത്തിരുന്നാല് സൂക്കേട് പിടിക്കൂലേ. നിയ്ക്ക് പഞ്ചാരേന്റെ കുഴപ്പൊന്നുല്ല്യ. ബീപ്പിന്റെ പ്രശ്നോല്ല്യ. ഇപ്പളും കണ്ണട വെയ്ക്കാണ്ടാ പത്രം വായിക്കുന്നത്. ചെരുപ്പ് ഇടുന്ന ശീലം പണ്ടു തൊട്ടേല്ല്യ; ആരോഗ്യത്തിന് ഒരു പ്രശ്നവുമില്ലെന്ന് സ്ഥാപിക്കാൻ എണ്ണിയെണ്ണിപ്പറയുകയാണ് ഉണ്ണികുളം കപ്പുറം പാണ്ടികശാലയിലെ മാണിക്യമ്മ. തൊഴിലുറപ്പിനു പോയാൽ മാണിക്ക്യമ്മയ്ക്ക് അങ്ങനെ വിശ്രമമൊന്നും വേണ്ട. മറ്റുള്ളവർ വരമ്പ് കൊത്തുന്നതു പോലെ തന്നെ ഒരു ദിവസം 15 മീറ്റർ ഇവരും കൊത്തും. രണ്ടു പെൺമക്കളുടെ കൂടെയാണ് പണിയ്ക്കിറങ്ങുന്നത്.

കൃഷിക്കാരനായ അച്ഛനൊപ്പം പതിമൂന്നാം വയസ്സിൽ തുടങ്ങിയതാണ് പറമ്പിലെ പണി. പതിനാലാം വയസ്സിലായിരുന്നു കല്ല്യാണം. ഭർത്താവിന്റെ വീട്ടിലും കൃഷിപ്പണിയ്ക്കിറങ്ങി. തൊഴിലുറപ്പ് തുടങ്ങിയ കാലം മുതൽ പോയിത്തുടങ്ങി. അതിനിടയ്ക്ക് വീട്ടുപറമ്പിൽ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, വാഴ തുടങ്ങിയ ഇടവിള കൃഷികളെല്ലാം ചെയ്തുവരുന്നുമുണ്ട്.

പഴയകാല രണ്ടാം ക്ലാസ്സുകാരിയായ മാണിക്ക്യമ്മയ്ക്ക് അന്ന് പഠിച്ച കുചേലവൃത്തം ഇപ്പോഴും മന: പാഠം. ഭർത്താവ് പരേതനായ പാണ്ടികശാലയിൽ ഗോപാലൻ സജീവ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഇവർക്ക് എട്ട് മക്കളാണ്. സൗമിനി, പത്മിനി, സരോജിനി, ദാക്ഷായണി, വിജയൻ, സുമംഗല, ശ്രീജിത്ത്, പരേതനായ ഭരതൻ. മക്കളുടെ മക്കളും മറ്റുമായി 46 പേരുണ്ട് കുടുംബാംഗങ്ങളായി.

ഈ വർഷം ഇതുവരെ

തീർത്തത് 68 പണി

താമസം ഉണ്ണികുളത്താണെങ്കിലും തൊഴിലുറപ്പ് പണിയുള്ള സമയങ്ങളിൽ കാന്തപുരത്ത് മകളുടെ വീട്ടിലായിരിക്കും മാണിക്ക്യമ്മ. കഴിഞ്ഞ ദിവസം പൂനൂർ കാന്തപുരം കോട്ടമല അമ്പലത്തിനടുത്ത് ഇല്ലപറമ്പിൽ 22 തൊഴിലുറപ്പ് പണിക്കാരിൽ ഒരാളായി ഈ 92കാരിയുമുണ്ടായിരുന്നു. ഇന്നലെ വരെ ഈ വർഷം 68 പണിയെടുത്തു. മാർച്ച് 25 വരെയാണ് പണിയുണ്ടാവുക. 80 പണി തികയ്ക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ദിവസവും പുലർച്ചെ നാലു മണിയ്ക്ക് എഴുന്നേറ്റ് മുറ്റമടിക്കും. അതു കഴിഞ്ഞാൽ പശുവിനെ കുളിപ്പിക്കും. പിന്നെ കുളിയും കഴിഞ്ഞ് ചായയും കുടിച്ച് പറമ്പിലെ തേങ്ങയും അടക്കയും പെറുക്കാൻ പോകും. അതും കഴിഞ്ഞാൽ തൊഴിലുറപ്പുണ്ടെങ്കിൽ ഒറ്റ നടത്തമാണ്. തൊഴിലുറപ്പ് പണി ഇല്ലാത്തപ്പോൾ പകൽ മുഴുവൻ പറമ്പിലായിരിക്കും.