#നഗരത്തിൽ വൈദ്യുതി മുടങ്ങുന്നത് പതിവ്
വടകര : വടകര നഗരത്തിലും പരിസര പ്രദേശത്തുമുള്ള വൈദ്യുതി മുടക്കം കാരണം ജനങ്ങൾ പൊറുതിമുട്ടുന്നു. വേനൽക്കാലമായതോടെ വൈദ്യുതി ഉപഭോഗം വർദ്ധിച്ചുവെങ്കിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി ലഭിക്കുന്ന പുത്തൂർ 110 കെ.വി സബ്ബ് സ്റ്റേഷനിലെ ഉഗ്രശേഷിയുള്ള ട്രാൻസ് ഫോമർ തകരാറിലായതോടെ വൈദ്യുതി മുടക്കം പതിവാകുകയായിരുന്നു. ഇത് മാറ്റി സ്ഥാപിക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് അധികൃതർ കാണിക്കുന്നതെന്ന് ആരോപണം ഉയർന്നു.
@ഉടൻ പരിഹരിക്കണം: താലൂക്ക് വികസന സമിതി
വൈദ്യുതി മുടക്കം അവസാനിപ്പിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ ദിനം പ്രതി വൈദ്യുതി മുടക്കം മണിക്കൂറുകളോളമാണ്. കൂടി വെള്ളപ്രശ്നം വളരെ രൂക്ഷമായ സാഹചര്യത്തിൽ താലൂക്കിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം തലത്തിൽ പ്രശ്നം ചർച്ച ചെയ്യാനും യോഗം വിളിക്കാൻ തീരുമാനിച്ചു. ജലക്ഷാമം രൂക്ഷമാണെന്ന് ജനപ്രതിനിധികളും , വികസന സമിതി അംഗങ്ങളും ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം വിളിക്കുന്നത് വാട്ടർ അതോറിറ്റിയുടെ മുടങ്ങിക്കിടന്ന മുഴുവൻ കുടിവെള്ള പദ്ധതികളും യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തികരിക്കാൻ നടപടി സ്വീകരിക്കണം, ചൊവ്വാപുഴ കയ്യേറ്റം ഒഴിപ്പക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി തഹസിൽദാർ കെ.കെ രവീന്ദ്രൻ അറിയിച്ചു. തെരുവ് നായ ശല്യം രൂക്ഷമായ പരാതികളിൽ പരിഹാരം തേടാൻ മൃഗസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. വടകര സിവിൽ സ്റ്റേഷനിൽ തെരുവ് നായ ശല്യം മൂലം ജീവനക്കാർ ഭീതിയോടെ കഴിയുന്നതായി ആക്ഷേപം ഉയർന്നു. രാത്രി കാലങ്ങളിൽസാമൂഹ്യ വിരുദ്ധ ശല്യം കൂടിവരുന്ന സാഹചര്യത്തിൽവടകര നഗരത്തിൽ രാത്രി കാലസിനിമ പ്രദർശന സമയം പുന:ക്രമീകരിക്കണമെന്നും ആവശ്യമുയർന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം, എ.ടി. ശ്രീധരൻ, സമിതി അംഗങ്ങളായ പി.സുരേഷ് ബാബു, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, സി.കെ. കരീം എന്നിവർ സംസാരിച്ചു.