കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി ജസ്‌പ്രീത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് സി.ആർ. പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തേടി യുവമോർച്ച ന്യൂനപക്ഷ - മനുഷ്യാവകാശ കമ്മിഷനുകളെ സമീപിക്കും. ജസ്‌പ്രീത് സിംഗ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം വിശദമായി അന്വേഷിക്കണം. പൊലീസ് രക്ഷിതാക്കളുടെ മൊഴി പോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രഫുൽ പറഞ്ഞു.

കോളേജ് അധികൃതരോ പി ടി എ ഭാരവാഹികളോ ഇതുവരെ ജസ്‌പ്രീതിന്റെ വീട് സന്ദർശിച്ചിട്ടില്ല. ആരോപണവിധേയരായ അദ്ധ്യാപകരുടെ നടപടിക്രമങ്ങൾ പരിശോധിക്കപ്പെടണം. ചില വിദ്യാർത്ഥികൾക്ക് മാത്രം വഴിവിട്ട് ആനുകൂല്യങ്ങൾ നൽകുകയും മറ്റു ചിലർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

എൻ.സി.സി ക്യാമ്പിന്റെ രേഖകളടക്കം സമർപ്പിച്ചിട്ടും അറ്റൻഡൻസ് നിഷേധിച്ചത് ദുരൂഹമാണ്. നിയമ പോരാട്ടങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് ജസ്‌പ്രീതിന്റെ വീട് സന്ദർശിച്ച പ്രഫുൽ കൃഷ്ണൻ കുടുംബാംഗങ്ങളോട് പറഞ്ഞു.