കോഴിക്കോട്: ഗോകുലം കേരള എഫ്.സിയെ സഡൻഡെത്തിൽ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് കേരളാ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കെ.പി.എൽ കിരീടമാണിത്. രണ്ടാം തവണയാണ് മുൻ ചാമ്പ്യന്മാരായ ഗോകുലം ഫൈനലിൽ ഷൂട്ടൗട്ടിൽ തോൽക്കുന്നത്.
സഡൻഡെത്തിൽ ഗോകുലത്തിനായി കിക്കെടുത്ത എമിൽ ബെന്നിയുടെ ഷോട്ട് പുറത്തേക്ക് പോയി.
കളിയുടെ മുഴുവൻ സമയത്തും അധിക സമയത്തും ഇരുടീമുകളും 3-3 ന് സമനില പാലിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചതോടെ മത്സരം സഡൻഡെത്തിലേക്ക് നീണ്ടു.
ബ്ലാസ്റ്രേഴിന്റെ ഡങ്കൽ ലക്ഷ്യം കണ്ടപ്പോൾ ഗോകുലത്തിന്റെ എമിൽ ബെന്നിയുടെ ഷോട്ട് പുറത്തേയ്ക്ക് പോയി.
ബ്ലാസ്റ്രേഴ്സിനായി റൊണാൾഡോ അഗസ്റ്റോയും ഗോകുലത്തിനായി ഡാനിൽ ബി.ജെയും ഇരട്ടഗോൾ നേടി. ലാൽമുവാൻസോവ ഗോകുലത്തിനായും സാുവൽ ലിംഗ്ഡോ ബ്ലാസ്റ്റേഴ്സിനായും ഫ്രീകിക്കിലൂടെ ഓരോൾ ഗോൾ നേടി.
മഹേഷ് സിംഗ്, സാമുവൽ ലിംഗ്ഡോ, പ്രഗ്യാൻ, ബാസിത് അഹമ്മദ് ഭട്ട്, റൊണാൾഡോ എന്നിർ ബ്ലാസ്റ്റേഴ്സിനായും ലാൽമുവാൻസോവ, താഹിയ സമാൻ, മുഹമ്മദ് ജാസിം, ഗണേശൻ, സ്റ്റീഫൻ അബ്സിക്കു, എന്നിവർ ഗോകുലത്തിനുയും പെനാൾട്ടി കിക്ക് ഗോളാക്കി.
തുടക്കം മുതൽ തന്നെ ഇരു ടീമുകളും ആക്രമണ ഫുട്ബാളാണ് പുറത്തെടുത്തത്. ആറാം മിനിട്ടിൽ ഗോകുലം ആദ്യ ഗോൾ നേടി. ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്തു നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ ഘാന സ്ട്രൈക്കർ ഡാനിയേൽ ബി.ജെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിഷ്പ്രഭമാക്കി വലകുലുക്കി. 13 ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ നിരന്തര അക്രമണത്തിന് ഫലം കണ്ടു. സുരാഗ് ചെത്രിയുടെ കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ റൊണാൾഡോ അഗസ്റ്റോ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.
22 ആം മിനിട്ടിൽ ഫ്രീക്കിക്കിലൂടെ സാമുവൽ ലിംഗ്ഡോ കൊമ്പൻമാർക്ക് ലീഡ് സമ്മാനിച്ചു. റൊണാൾഡോയെ മുഹമ്മദ് ജാസിം ഫൗൾ ചെയ്തതിന് ബോക്സിന് സമീപത്ത് നിന്ന് ലഭിച്ച ഫ്രീക്കിക്ക് ഗോകുലം ഗോളിയ്ക്ക് ഒരു അവസരവും നൽകാതെയാണ് സാമുവൽ വലയിലെത്തിച്ചത്. 41 അം മിനിട്ടിൽ ഡാനിയേൽ ഗോകുലത്തെ ഒപ്പമെത്തിച്ചു. ആദ്യ ഗോളിന്റെ ആവർത്തനം പോലെയായിരുന്നു ഡാാനിയേലിന്റെ രണ്ടാം ഗോൾ .
60 ആം മിനിട്ടിൽ സോവ ഫ്രീക്കിക്ക് ഗോളാക്കി ഗോകുലത്തെ മുന്നിലെത്തിച്ചു. 59 ആ മിനിട്ടിൽ ഡാനിയേലിനെ ഫൗൾ ചെയ്തതിനാണ് ഫ്രീ കിക്ക് ലഭിച്ചത്. ലീഡിന് അധികം ആയുസ് ഉണ്ടാായില്ല. 64 ആം മിനിട്ടിൽ റൊണാൾഡോ ഗോകുലത്തിന്റെ വല കുലുക്കി. മഹേഷ് സിംഗിന്റെ അസിസ്റ്റിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ.