നാദാപുരം: കല്ലാച്ചി മൽസ്യ മാർക്കറ്റിൽ തെങ്ങോല കൊട്ടകളും തേക്കിൻറെ ഇലകളും സൗജന്യമായി വിതരണം ചെയ്ത് പ്ലാസ്റ്റിക്കിനെതിരെ നാണുവിൻറെ ഒറ്റയാൾ പോരാട്ടം. നാദാപുരം കക്കംവെള്ളി സ്വദേശി നാണുവാണ് പ്ലാസ്റ്റിക്കിനെതിരെ ബോധ വത്ക്കരണവുമായി മാർക്കറ്റിലെത്തിയത്. നിരോധനം നിലവിൽ വന്നിട്ടും മൽസ്യം പൊതിയാൻ പ്ലാസ്റ്റിക്ക് സഞ്ചികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ മടിക്കുന്നവർക്ക് ആത്മവിമർശനം കൂടിയാണ് നാണുവിൻറെ പ്രവൃത്തി. മൽസ്യം വാങ്ങുന്നവർക്ക് കൊട്ട സൗജന്യമാണ്. വീട്ടിൽ വെച്ച് നിർമ്മിച്ച നൂറോളം കൊട്ടകളാണ് നാണു മാർക്കറ്റിലെത്തിച്ച് സൗജന്യമായി വിതരണം ചെയ്യുന്നത്. തൻറെ ഈ പ്രവൃത്തിക്ക് പിന്നിൽ പോരാട്ടത്തിൻറെ ജീവിത ഗന്ധിയായ കഥ കൂടിയുണ്ടെന്ന് നാണു പറയുന്നു. തൻറെ കുട്ടിക്കാലത്ത് ഭക്ഷണത്തിന് ക്ഷാമം നേരിട്ടിരുന്ന സമയത്ത് കല്ലാച്ചി മൽസ്യ മാർക്കറ്റിൽ കൊട്ട നിർമ്മിച്ച് കൊണ്ട് വന്ന് വിറ്റ് കിട്ടിയ പ്രതിഫലം കൊണ്ടായിരുന്നു കപ്പയും മീനും വാങ്ങി വിശപ്പകറ്റിയതെന്ന് നാണു ഓർക്കുന്നു. ഈ ഓർമ്മയുടെ ബലത്തിലാണ് ജീവിത പ്രാരാബ്ധങ്ങൾ ഒഴിഞ്ഞ ഈ സമയത്ത് പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിനെതിരെ തെങ്ങോല കൊട്ടയുടെ വിതരണവുമായി താൻ വന്നിരിക്കുന്നതെന്നും നാണു പറഞ്ഞു.