കോഴിക്കോട്: എലത്തൂരിലെ ഫിഷറീസ് മേഖലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 8.87 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

കല്ലിട്ടപ്പാലം വടക്കേകണ്ടിയിൽതാഴം റോഡിന്റെ ഉദ്ഘാടനം കക്കുടുംബിൽ താഴെ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഒളോപ്പാറ ഭാഗത്തെ റോഡ് വികസനത്തിലൂടെ ഒരു പ്രദേശത്തിന്റെ വികസനം മാത്രമല്ല, ടൂറിസം മേഖലയുടെ വികസനമാണ് നടപ്പാകുന്നത്. ഇതിലൂടെ പ്രദേശത്തെ കച്ചവടം വർദ്ധിക്കുന്നതോടെ പരിസരവാസികൾക്ക് തൊഴിൽ സാദ്ധ്യതയും കൂടുകയാണെന്ന് മന്ത്രി പറഞ്ഞു.

തീരദേശന വികസന ഫണ്ടിൽ നിന്നുള്ള 53.60 ലക്ഷം രൂപ ചെലവഴിച്ചാണ് കല്ലിട്ടപ്പാലം വടക്കേകണ്ടിയിൽതാഴം റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. റോഡിന്റെ പ്രവൃത്തിയ്ക്കായി ആദ്യഘട്ടത്തിൽ 40 ലക്ഷം രൂപ മണ്ഡലം എം.എൽ.എ കൂടിയായ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ഓളോപ്പാറ തീരദേശ പ്രദേശത്തെ ടൂറിസം വികസനത്തിന് ഈ റോഡ് സഹായകമാവും.

ചടങ്ങിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് ചെയർപേഴ്‌സൺ ലീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി. ജുമൈലത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഷീന കണ്ണങ്കണ്ടി, മുൻ വൈസ് പ്രസിഡന്റ് ടി.കെ. സോമനാഥൻ, ചേളന്നൂർ പഞ്ചായത്ത് മുൻ അംഗം യു.കെ. വിജയൻ, സ്വാഗതസംഘം കൺവീനർ ഒ. ധർമ്മദാസൻ തുടങ്ങിയവർ സംസാരിച്ചു.