കോഴിക്കോട്: ജില്ലയിൽ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വൈറസ് ബാധ പടരുന്നത് തടയാൻ
പരിസരപ്രദേശങ്ങളിലെ വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചു. വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും
രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന വളർത്തുപക്ഷികളെയാണ് കൊന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മൃഗസംരക്ഷണ - ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു പ്രതിരോധയജ്ഞം.
ഇന്നലെ രാവിലെ വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും പക്ഷിപ്പനിബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ വില്പന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരെത്തി കോഴികളെയും മറ്റും കൊല്ലാനായി മാറ്റി.
മൃഗസംരക്ഷണ വകുപ്പിലെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം
ജില്ലാ കളക്ടർ എസ്. സാംബശിവ റാവു സ്ഥലത്തെത്തിയിരുന്നു. പക്ഷികളുടെ ഉടമസ്ഥർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വെസ്റ്റ് കൊടിയത്തൂരിൽ പുതിയോട്ടിൽ സെറീനയുടെ ഉടമസ്ഥതയിലുള്ള എഗ്ഗർ ഫാമിൽ പക്ഷിപ്പനി ബാധിച്ച് രണ്ടായിരത്തോളം കോഴികളാണ് ചത്തത്. വേങ്ങേരിയിൽ കല്ലുവീട്ടിൽ ശ്രീകാന്തിന്റെ വീട്ടിൽ 20 കോഴികളും കൂട്ടത്തോടെ ചത്തു. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിൽ സാമ്പിളുകൾ അയച്ചതോടെയാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ദേശാടന പക്ഷികളിലൂടെ രോഗം പടർന്നതാവാമെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശം നിരീക്ഷണത്തിൽ
പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ നിരീക്ഷണത്തിലാണ്. ഈ പ്രദേശങ്ങളിൽ പക്ഷികളുടെ നീക്കം തടയും.
പ്രദേശത്തെ ചിക്കൻ സ്റ്റാളുകളുടെ പ്രവർത്തനവും അലങ്കാര പക്ഷികളുടെ വില്പനയ്ക്കും നിരോധനം
പകുതി വേവിച്ച മുട്ട, മാംസം എന്നിവ കഴിക്കരുതെന്ന് അധികൃതർ അറിയിച്ചു.
രോഗകാരിയായ വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിനകം നശിച്ചുപോകുന്നതിനാൽ കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്താൽ കഴിക്കാം.