കോഴിക്കോട്: ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ സസ്‌പെൻഷൻ തുടർന്നാൽ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിൽ വല്ലാതെ കളിച്ചാൽ കേരളത്തിൽ ചുട്ട മറുപടി നൽകും. മലയാളി മന്ത്രി വി.മുരളീധരന് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാവും.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചാനലുകൾക്ക് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുകയായിരുന്നു വി. മുരളീധരൻ. വിലക്ക് നീക്കാൻ കേന്ദ്രം തയാറായത് ജനരോഷം ഭയന്നാണ്. കേന്ദ്ര വാർത്താവിതരണ മന്ത്രി പറയുന്നതല്ല കേരളത്തിൽ നിന്നുള്ള വി. മുരളീധരൻ പറയുന്നത്. കേരള നിയമസഭയിൽ പ്രവേശിക്കാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഈ സഭയെ പരിഹസിക്കുന്നത്.
പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അറിവോടെ, ആസൂത്രിത അക്രമമാണ് ഡൽഹിയിൽ നടന്നത്. മൂന്ന് ദിവസം പൊലീസ് സാന്നിദ്ധ്യമില്ലാതെ അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകി. കലാപത്തിൽ വിഷമിച്ചല്ല, കൊറോണയെ ഭയന്നാണ് ഹോളി ആഘോഷം വേണ്ടന്നു വച്ചതെന്നും കെ. മുരളീധരൻ ആരോപിച്ചു.
സംസ്ഥാന പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണത്തെ ഇടതുമുന്നണി സർക്കാർ ഭയക്കുകയാണ്. സി.പി.എം പ്രവർത്തകർക്ക് ഡ്രൈവിംഗ് പഠിക്കാനാണ് പൊലീസിൽ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നത്. ഇതിനെതിരെ ശക്തമായ സമരം തുടരും. മന്ത്രി ജലീലിനെ ഇനിയും തുടരാനുവദിക്കാതെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.