ജീവനക്കാരില്ലാതെ റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി
കോഴിക്കോട് : പരിമിതികൾക്കിടയിൽ കിതയ്ക്കുകയാണ് റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബ്. രാസപരിശോധന ആവശ്യമുള്ള കുറ്റകൃത്യങ്ങളും കേസുകളും പെരുകുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രതിസന്ധിയിലാണ്. താങ്ങാനാവാത്ത ജോലിഭാരമാണ് ഇവിടത്തെ ജീവനക്കാർക്ക്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി സംസ്ഥാനത്ത് മൂന്ന് റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയാണുള്ളത്. വടക്കൻ കേരളത്തിൽ നിന്നുള്ള കേസുകൾ സംബന്ധിച്ച രാസപരിശോധനകൾ നടത്തേണ്ടത് കോഴിക്കോട്ടെ ലാബിലാണ്. 1989ൽ ലാബ് സ്ഥാപിച്ച ശേഷം ഇവിടെ സ്റ്റാഫ് പാറ്റേൺ മാറിയിട്ടില്ല. തുടക്കത്തിൽ അനുവദിച്ച 55 തസ്തികകളാണ് ഇപ്പോഴുമുള്ളത്. ഇതിൽ തന്നെ നാലെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ജോയിന്റ് കെമിക്കൽ എക്‌സാമിനർ തസ്തികയിൽ ആളില്ല. അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനറുടെ അഞ്ചു തസ്തികയിൽ രണ്ടെണ്ണവും ഒഴിഞ്ഞു കിടക്കുന്നു. ഒരു തസ്തിക മാത്രമുള്ള നൈറ്റ് വാച്ചറായും ഇവിടെ ആരുമില്ല.
നിലവിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലെ ഒഴിവുകൾ നികത്തിയാലും റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിന്റെ പ്രവർത്തനം സുഗമമാവില്ല. മാസം 1500 കേസുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിലാണ് ലാബ് 1989 ൽ ഇവിടെ സ്ഥാപിക്കുന്നത്. എന്നാൽ ഇപ്പോൾ മാസം ശരാശരി 7000 കേസുകളാണ് ഇത്രയും ജീവനക്കാരെ വെച്ച് കൈകാര്യം ചെയ്യേണ്ടത്. അതീവ ഗൗരവമേറിയ പരിശോധനകൾ നടത്തേണ്ട ലാബിന് ഇത് വലിയ വെല്ലുവിളിയാണ്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ പലപ്പോഴും പരിശോധനാഫലം വൈകുന്നത് പതിവാണ്. പ്രധാനപ്പെട്ട കേസുകൾ പെട്ടന്ന് ചെയ്ത് കൊടുക്കുേമ്പാൾ മറ്റു കേസുകളുടെ പരിശോധന ഏറെ വൈകുന്നുണ്ട്.
രാസപരിശോധന വേണ്ട കേസുകൾ
കൊലപാതകം, വിഷം കഴിക്കൽ, ആത്മഹത്യ, അസ്വാഭാവിക മരണങ്ങൾ, പീഡനം, ബലാത്സംഗം, കൈയേറ്റം , അതിക്രമം , മയക്കുമരുന്ന്, മായം ചേർക്കൽ, അബ്കാരി കേസുകൾ എന്നിവയുടെയെല്ലാം പരിശോധന ഇവിടെയാണ് നടക്കുന്നത്.
1989 ൽ ലാബിന്റെ
തുടക്കത്തിൽ
കൈകാര്യം ചെയ്തത്
പ്രതിമാസം
15 കേസുകൾ
ഇപ്പോഴത്
7000 കേസുകൾ