കോഴിക്കോട്: 'റൺ ഫോർ യൂണിറ്റി' എന്ന സന്ദേശവുമായി സംഘടിപ്പിച്ച സ്‌പോർട്‌സ് കേരള മാരത്തോൺ 2020 ന് മികച്ച സ്വീകരണം. ബീച്ചിലെ ഗുജറാത്തി സ്‌കൂൾ പരിസരത്ത് നിന്ന് രാവിലെ 5.30ന് ആരംഭിച്ച മാരത്തോണിൽ 1412 പേർ പങ്കെടുത്തു. മൂന്നു കിലോമീറ്റർ ഫൺ റണ്ണിൽ 375 പേരുണ്ടായിരുന്നു.
അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ വിഷ്ണു (പുരുഷവിഭാഗം), അപർണ (വനിത വിഭാഗം) എന്നിവർ ഒന്നാം സ്ഥാനവും ആശിഷ് പട്ടേൽ, അശ്വതി എന്നിവർ രണ്ടാം സ്ഥാനവും 10 കിലോമീറ്ററിൽ സന്ദീപ് കൃഷ്ണ, ശരണ്യ കെ എന്നിവർ ഒന്നാം സ്ഥാനവും ഹിതേഷ് പട്ടേൽ, അശ്വതി എന്നിവർ രണ്ടാം സ്ഥാനവും 21 കിലോമീറ്ററിൽ സി. സിജു, കെ.ജെ. സന്ധ്യ എന്നിവർ ഒന്നാം സ്ഥാനവും ആർ.എസ്. മനോജ്, എം. അഞ്ചു എന്നിവർ രണ്ടാം സ്ഥാനവും നേടി.
എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും സ്‌പോർട്‌സ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാരത്തോൺ മന്ത്രി ടി.പി. രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. സമാപനച്ചടങ്ങിൽ എ.പ്രദീപ് കുമാർ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
കായിക യുവജനകാര്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ബി.അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്. സാംബശിവറാവു, എ.ഡി.ജി.പി അശോക് യാദവ്, കൗൺസിലർമാരായ അഡ്വ. തോമസ് മാത്യു, ജയശ്രീ കീർത്തി, കെ.കെ. റഫീഖ്, കെ. നിഷ തുടങ്ങിയവർ സംബന്ധിച്ചു.