കോഴിക്കോട്: കാഴ്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാന വികലാംഗ കോർപ്പറേഷൻ ജില്ലയിലെ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകി. 85 പേർക്കാണ് സ്മാർട്ട് ഫോൺ നൽകിയത്. ഇത് ഉപയോഗിക്കാൻ രണ്ട് ദിവസം പരിശീലനം നൽകും.
വിതരണോദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
ചലനപരിമിതിയുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ശുഭയാത്ര പദ്ധതിയിലൂടെ 16 പേർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. കേൾവി പരിമിതി നേരിടുന്നവർക്ക് ശ്രവണസഹായി നൽകുന്ന ശ്രവൺ പദ്ധതിയുടെ ഭാഗമായി 15 പേർക്ക് ശ്രവണ സഹായി നൽകി. ഹസ്തദാനം പദ്ധതിയിൽ ഗുരുതര ഭിന്നശേഷിയുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരിൽ ആരംഭിച്ച സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റുകളും കൈമാറി.
വെസ്റ്റ് ഹിൽ ഗവ. പോളിടെക്‌നിക് കോളേജിൽ ഒരുക്കിയ ചടങ്ങിൽ വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവയ്ക്കൽ മോഹനൻ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.മൊയ്തീൻകുട്ടി, സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി, ജില്ലാ വനിത ശിശു വികസന ഓഫീസർ അനീറ്റ എസ്‌ലിൻ, ഗവ. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ കെ.പി.രാജീവൻ, വികലാംഗക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ഒ.വിജയൻ, സംസ്ഥാന വികലാംഗക്ഷേമ ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി തുടങ്ങിയവർ സംബന്ധിച്ചു.