കോഴിക്കോട് / കൊടിയത്തൂർ: പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും ഇന്നലെ കൊന്നുകത്തിച്ചത് ഏതാണ്ട് 1700 കോഴികളെ. ഊർജ്ജിത പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി ദൗത്യം ഇന്നും തുടരും.
രോഗം കണ്ടെത്തിയ വീടിന്റെയും ഫാമിന്റെയും ഒരു കിലോമീറ്റർ ചുറ്റളവിലായാണ് കോഴികൾക്കു പുറമെ താറാവ് തുടങ്ങിയ വളർത്തുപക്ഷികളെ കൊന്നൊടുക്കിയത്. പിന്നീട് ഇവയെ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ തീയിട്ട് കത്തിക്കുകയായിരുന്നു. ഇവയുടെ തീറ്റ, മുട്ട, കാഷ്ഠം എന്നിവയും ശേഖരിച്ച് തീയിട്ട് നശിപ്പിച്ചു. വാർഡുകൾ തോറും ദ്രുതകർമ്മസേനയെ വിന്യസിച്ചായിരുന്നു ശേഖരണം. പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ സാംബശിവ റാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.
കൊടിയത്തൂർ പഞ്ചായത്തിൽ എട്ടു സ്ക്വാഡും ചാത്തമംഗലം ഭാഗത്ത് അഞ്ചു സ്ക്വാഡും രംഗത്തിറങ്ങി. ഓരോ സ്ക്വാഡിലും പരിശീലനം നേടിയ അഞ്ചു പേർക്കു പുറമെ അതാതിടത്തെ ഒരു സന്നദ്ധപ്രവർത്തകനുമുണ്ടായിരുന്നു. ഈ മേഖലയിൽ മാത്രം എഴുന്നുറോളം കോഴികളെ കൊന്നൊടുക്കി. വൈകിട്ട് ഇവയെ ചൂളയ്ക്ക് വെച്ച് കത്തിച്ചു.
ദ്രുതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകാൻ തഹസിൽദാർ ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർ വിജയൻ, മുക്കം, തിരുവമ്പാടി, കോടഞ്ചേരി പൊലീസ് സ്റ്റേഷനിനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.