കോഴിക്കോട്: പട്ടികവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ട് നിർദ്ദിഷ്ട പദ്ധതിക്ക് ഉപയോഗിക്കാതെ ലാപ്‌സാക്കുന്നതും വകമാറ്റി ചെലവഴിക്കുന്നതും ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണം വരേണ്ടതുണ്ടെന്ന് കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് ) സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്കരൻ പറഞ്ഞു.
പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് ഈ അദ്ധ്യയന വർഷം ലഭിക്കേണ്ട ലംപ്‌സം ഗ്രാന്റ് ഇനിയും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക് ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് ലക്ഷത്തോളം പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് മാസം തോറും ലഭിക്കേണ്ട ലംപ്‌സം ഗ്രാന്റ് ഈ സാമ്പത്തികവർഷം അവസാനിക്കാറായിട്ടും ല്യമാക്കാനായില്ലെന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.ടി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി സുബ്രഹ്മണ്യൻ, ചന്ദ്രൻ കടക്ക നാരി, പി.പി കമല, എം.കെ കണ്ണൻ, വി.പി.എം ചന്ദ്രൻ, സി. ബാബു, സി.കെ രാമൻകുട്ടി, ഇ.പി കാർത്ത്യായനി, എം.പി റീജ്, ജയരാജൻ മൂടാടി, എം. രമേശ് ബാബു, സുനിൽ പുളേങ്കര എന്നിവർ പ്രസംഗിച്ചു.