കോട്ടത്തറ: 2020-21 സാമ്പത്തിക വർഷത്തെ കോട്ടത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് വി.എൻ.ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. 29,77,18,000 രൂപ വരവും 37,96,23,731 രൂപ ചെലവും 58,64,851 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

ജില്ലയിലെ ഈ വർഷത്തെ ത്രിതല പഞ്ചായത്തുകളുടെ ആദ്യ ബഡ്ജറ്റവതരണമായിരുന്നു കോട്ടത്തറയിലേത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 9 കോടി രൂപ വകയിരുത്തി. ലൈഫ് ഭവന പദ്ധതിയിലൂടെ ഭൂമിയും വീടും നൽകുന്നതിന് ഒരു കോടിയും പശ്ചാത്തല മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് 3.60 കോടി രൂപയും കാർഷിക മേഖലയിൽ പ്രാവീണ്യം നേടുന്നതിന് ഒരു കോടിയും പ്രളയത്തെ അതിജീവിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെ റെസ്‌ക്യൂ സെന്റർ ഒരുക്കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വെണ്ണിയോട്ടെ ആധുനിക ശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയം നിർമിക്കുന്നിന് 35 ലക്ഷവും പഞ്ചായത്ത് ആസ്ഥാനത്ത് 25 രൂപയ്ക്ക് ഊണൊരുക്കുന്നതിന് ന്യായവില ഹോട്ടലിനും കുടുംബശ്രീ മാർക്കറ്റിനും അഞ്ച് ലക്ഷം രൂപ വീതം വിനിയോഗിക്കും.

കുട്ടികൾക്ക് പാർക്ക്, യുവജനങ്ങൾക്ക് പി.എസ്.സി കോച്ചിങ് സെന്റർ, വയോജനങ്ങൾക് ഫ്ളാസ്‌ക്, ശയ്യോപകരണങ്ങൾ, വയോ ക്ലബ്ബുകൾ, എൽ. ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ്, വഴിവക്കിൽ തണലോരം, എസ്.ടി വിദ്യാർഥികൾക്ക് അറിവിടങ്ങൾ, ശുചിത്വ ഗ്രാമം സുന്ദരഗ്രാമം, ബാംബു ബിൻ, വിശപ്പ് രഹിത കോട്ടത്തറ, കായിക നീന്തൽ കുളങ്ങൾ, ബാസ്‌കറ്റ് ബോൾ പരിശീലനം തുടങ്ങിയ പദ്ധതികളും ബഡ്ജറ്റിൽ ഉണ്ട്.

പ്രസിഡന്റ് ലീലാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.