പുൽപ്പള്ളി: പുൽപ്പള്ളി സഹകരണ ബാങ്ക് സംരക്ഷണ സമിതി രൂപീകരിച്ചു. വായ്പാ തട്ടിപ്പ് നടത്തിയ മുൻ ഭരണസമിതി അംഗങ്ങളുടെ പേരിൽ നിയമനടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ബാങ്ക് സംരക്ഷണ സമിതിക്ക് രൂപം നൽകിയത്.
പുൽപ്പള്ളി പബ്ളിക്ക് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ എൻ.സത്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പി.എം.അബു, കെ.കെ.കൃഷ്ണൻകുട്ടി, എ.എസ്. അരവിന്ദാക്ഷൻ, ഇ.എഫ്.ഡൊമിനിക്ക്, സി.കെ.രാജേഷ്, വി.എസ്.ചാക്കോ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: വി.എസ്.ചാക്കോ (ചെയർമാൻ), സത്യാനന്ദൻ (വൈസ് ചെയർമാൻ), ഷാജി പനച്ചിക്കൽ (കൺവീനർ), എ.എസ്.അരവിന്ദാക്ഷൻ (ജോയിന്റ് കൺവീനർ).
ബാങ്കിലെ അംഗങ്ങളായ കർഷകരുടെ പേരിൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയതായി ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ടെന്ന് യോഗം ആരോപിച്ചു. ആദിവാസികളുടെ പേരിൽ അവരറിയാതെ ജെ.എൽ.ജി രൂപീകരിച്ച് പണം തട്ടിയെടുത്തു. എന്നാൽ ഇത്തരത്തിൽ തട്ടിപ്പു നടത്തിയവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബാങ്ക് പൊതുയോഗം വിളിച്ച് വിശദ വിവരങ്ങൾ അംഗങ്ങളെ ബോധ്യപ്പെടുത്തണം. ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുവാൻ യോഗം തീരുമാനിച്ചു.