വടകര: കാൽ നൂറ്റാണ്ട് മുമ്പ് നിർമ്മാണത്തിനൊരുങ്ങിയതാണ്. പക്ഷേ, റോഡ് പണി പലപ്പോഴായി തടസ്സങ്ങളുടെ ഊരാക്കുടുക്കിൽ കുടുങ്ങുകയായിരുന്നു. ഒടുവിൽ ശാപമോക്ഷത്തിന്റെ നേരം തെളിഞ്ഞതോടെ സ്വപ്നറോഡ് യാഥാർത്ഥ്യമാവുകയാണ്.
ഒഞ്ചിയം അഞ്ചാം വാർഡിലെ എം ആർ റോഡുമായി ചേരുന്ന ഈ ഭാഗം ക്രാഷ് റോഡുമായി ബന്ധിപ്പിക്കാൻ കരുവാരക്കൽ താഴതോടിന് മീതെ പാലം പണിയാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതാണ്. ഊരാളുങ്കൽ സൊസൈറ്റി പാലം പണിതിട്ടും വർഷങ്ങൾ പലതു കഴിഞ്ഞു. വാർഡ് മെമ്പർമാരുടെ ഊഴം മാറി മാറി വന്നിട്ടും റോഡുപണി പുരോഗതി കാണാതെ അനിശ്ചിതത്വത്തിലാവുകയായിരുന്നു.
നിരവധി തവണ റോഡ് നിർമ്മാണ കമ്മിറ്റി യോഗങ്ങൾ വിളിച്ചുകൂട്ടിയെങ്കിലും പ്രവൃത്തിയുടെ കുരുക്കഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ പഞ്ചായത്തിലെ തന്നെ തൊട്ടടുത്ത ആറാം വാർഡിൽ കുന്നുമ്മൽ താഴ - കൂവക്കൂൽ താഴ പുതിയ റോഡിനു ഒരുക്കം തുടങ്ങി. 1990 ൽ തുടക്കം കുറിച്ച റോഡ് വെട്ടി യാഥാർത്ഥ്യമാക്കിയതോടെ കുറഞ്ഞ കാലം കൊണ്ടുതന്നെ ഇതുവഴി വാഹനം ഓടി. ഇവിടെ രണ്ട് റീച്ച് ടാർ ചെയ്ത ശേഷമാണ് കരുവാരക്കൽ താഴ റോഡിന് ശാപമോക്ഷമാവുന്നത്. ഈ കാത്തിരിപ്പ് വേളയിൽ വീടിനു മുന്നിൽ നിന്നു വാഹനം കയറി യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ച നിരവധി പേരാണ് മൺമറഞ്ഞത്. ഒടുവിൽ കരുവാരക്കൽ തോടിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തി ഒരിയാനയിൽ കരുവാരക്കൽ ഉസ്മാൻ മനസ്സറിഞ്ഞ് ആറ് കായ്ഫലമുള്ള തെങ്ങ് മുറിച്ചുമാറ്റി റോഡിനായി സ്ഥലം നൽകിയതോടെയാണ് അൻപതോളം വീട്ടുകാരുടെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാവുന്നത്. പാറേമ്മൽ ദാമോദരൻ, കരുവാരക്കൽ ബാബു, ടി.കെ കൃഷ്ണൻ, എം പി ദാമു, പി.വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഞായറാഴ്ച 11ന് വാർഡ് മെമ്പർ പി.ശ്രീജിത്ത് നിർവഹിക്കും.