കൊടിയത്തൂർ: യാത്രയിൽ വഴികാട്ടിയാവുന്ന ഗൂഗിൾ മാപ്പ് ചിലപ്പോൾ കണ്ണീരു കുടിപ്പിച്ചേക്കാം. പി.എസ്.സി പരീക്ഷയെഴുതാൻ ഈയിടെ കോഴിക്കോട് പരപ്പിൽ എം.എം.ഹൈസ്കൂളിലെത്തേണ്ടവർ ദിശ തെറ്റി ചെന്നുപെട്ടത് മാവൂർ - പന്നിക്കോട് വഴി അരീക്കോടേക്കുളള റോഡിലെ പരപ്പിൽ എന്ന സ്ഥലത്ത്. ഇവിടെ ആകെയുള്ളത് അൻപതോളം വീടുകൾ മാത്രം. വിദ്യാലയമോ, കടകളോ, എന്തിന് ഒരു ബസ് സ്റ്റോപ്പോ പോലുമില്ല.

പാലക്കാട്, തൃശൂർ തുടങ്ങി വിദൂരസ്ഥലങ്ങളിൽ നിന്ന് റൂട്ട് നോക്കി വന്നവർ പരപ്പിലെത്തി അന്വേഷിച്ചപ്പോഴാണ് എം.എം.ഹൈസ്കൂൾ കോഴിക്കോട് നഗരത്തോടു ചേർന്നാണെന്ന് അറിയുന്നത്. ഇനി 30 കിലോമീറ്റർ കൂടി യാത്ര ചെയ്യാനുണ്ടെന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ ബാക്കിയുണ്ടായിരുന്നില്ല പലർക്കും. പരീക്ഷാ സെന്ററിൽ സമയത്തിനെത്താനാവാതെ അവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

ചുളളിക്കാപറമ്പ് അങ്ങാടിയ്ക്കും അരീക്കോടിനുമിടയിലുളള സ്ഥലങ്ങളെല്ലാം മാപ്പിൽ ശരിയായി തന്നെയാണ്. കുടുങ്ങുന്നത് പരപ്പിലിന്റെ കാര്യത്തിൽ മാത്രം.