കൽപ്പറ്റ: കുരങ്ങ് പനിമൂലം വീട്ടമ്മ മരിച്ച സാഹചര്യത്തിൽ തിരുനെല്ലി പഞ്ചായത്തിൽ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. വനത്തിനോട് ചേർന്നുള്ള മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആരോഗ്യ വകുപ്പ് അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
റവന്യൂ, പഞ്ചായത്ത്, വനം, മൃഗ സംരക്ഷണം, ആരോഗ്യം, ആശ വർക്കർമാർ എന്നീ വകുപ്പുകളോട് കുരങ്ങ് പനി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപിച്ചു പ്രവർത്തിക്കാനും നിർദ്ദേശിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിലെ മുഴുവൻ വീടുകളിലും വരുംദിവസങ്ങളിൽ സന്ദർശനം നടത്തി പ്രതിരോധ കുത്തിവെയ്പ്പ് നടത്തും. ബോധവത്കരണവും പനി പരിശോധനയും ലേപന വിതരണവും ഇതോടനുബന്ധിച്ച് നടത്താൻ യോഗത്തിൽ തീരുമാനിച്ചു. വനത്തോട് ചേർന്നുളള പ്രദേശങ്ങളിൽ താമസിക്കുന്നവരും കാടുകളിൽ പോകുന്നവരും നിർബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കണം. കുരങ്ങു പനി ചെള്ളിനെ അകറ്റിനിർത്തുന്ന മരുന്നുകളും ലേപനങ്ങളും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. കുരങ്ങുകൾ ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പുകളെ വിവരം അറിയിക്കണം. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാണമെന്ന് ഒ.ആർ.കേളു എം.എൽ.എ അഭ്യർത്ഥിച്ചു.
യോഗത്തിൽ സബ് കലക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നൂന മർജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുരങ്ങ് പനി മൂലം മരിച്ച കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷിയുടെ വീട്ടിൽ ജില്ല കളക്ടർ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.