കോഴിക്കോട്: കേരളത്തിൽ പത്തനംതിട്ടയിലും എറണാകുളത്തും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൊറോണബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവരുടെ വീടുകളിൽ നിരീക്ഷണം ശക്തമാക്കി. രോഗലക്ഷണങ്ങളുള്ളവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പുതുതായി 26 പേർ ഉൾപ്പെടെ ആകെ 86 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ ആറു പേർ ഐസോലേഷൻ വാർഡിൽ ചികിത്സയിലാണ്. നാലു പേർ ബീച്ച് ആശുപത്രിയിലും രണ്ട് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണുള്ളത്.

ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒരാളെ ഡിസ്ചാർജ്‌ ചെയ്തപ്പോൾ ബീച്ച് ആശുപത്രിയിൽ രണ്ടു പേരെ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ സ്രവ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ച രണ്ടു സാമ്പിൾ ഫലവും നെഗറ്റീവായിരുന്നു. ഇതിനകം 41 സ്രവ സാമ്പിൾ പരിശോധനാഫലം നെഗറ്റീവാണെന്നന്ന് കണ്ടെത്തി. ഇനി അഞ്ച് സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.

തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സാന്നിദ്ധ്യത്തിൽ ഇന്നലെ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗം പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. യോഗത്തിൽ ഡി.എം.ഒ ഡോ.വി.ജയശ്രീ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിംഗിലുടെ ബ്ലോക്ക്തല സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുമായി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയിൽ ജനങ്ങൾ ആരോഗ്യ വകുപ്പുമായി പരിപൂർണമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഓർമ്മിപ്പിച്ചു. ജില്ലാതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിൽ വിശദവിവരങ്ങൾ ലഭിക്കും. ഫോൺ: 0495 2371471, 0471 2552056,1056.

രോഗവ്യാപനം തടയാൻ

1. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടക്ക് കഴുകുക.

2. രോഗലക്ഷണമുള്ളവർ മാസ്‌ക് ഉപയോഗിക്കുക

3. രോഗബാധിത രാജ്യങ്ങളിൽ നിന്നു വന്നവർ ജനസമ്പർക്കം ഒഴിവാക്കുക.

4. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക.

5. ആളുകൾ കൂട്ടം കൂടുന്നതും പരാമാവധി ഒഴിവാക്കുക

'' കൊറോണബാധിത രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ അറിയിക്കണം.

ഡോ.വി.ജയശ്രീ

ജില്ലാ മെഡിക്കൽ ഓഫീസർ

--