g
കോഴിക്കോട് വേങ്ങേരിയിൽ കർഷക മൊത്തവിപണന കേന്ദ്രത്തിൽ പക്ഷിപനി ബാധിച്ച കോഴികളെയും മറ്റു പക്ഷികളെയും കത്തിക്കുന്നതിന് സമീപത്തായി എത്തിപ്പെട്ട കോഴി. അൽപ്പസമയത്തിന് ശേഷം സുരക്ഷാ മുൻകരുതലിൻെറ ഭാഗമായി ഇതിനെയും കൊന്നൊടുക്കും.

കോഴിക്കോട്: പക്ഷിപ്പനി പടരുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം 3760 വളർത്തുപക്ഷികളെ കൊന്ന് കത്തിച്ചു. ഇന്നലെ മാത്രം കോഴികളടക്കം 2058 പക്ഷികളെ കൊന്നൊടുക്കി. ഞായറാഴ്ച 1700 പക്ഷികളെ കൊന്ന് കത്തിച്ചിരുന്നു. പ്രതിരോധ ദൗത്യം തുടരും.

രോഗബാധ കണ്ടെത്തിയ വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പരിശീലനം നേടിയ ദ്രുതകർമ്മ സേനയുടെ 25 ടീമുകൾ രംഗത്തുണ്ട്. രോഗബാധിത മേഖലയിൽ മൊത്തം 7,000 വളർത്തുപക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

നിലവിലുള്ള ടീമുകളെ ഉപയോഗിച്ച് ഒരാഴ്ചയ്ക്കക്കം ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു. രോഗബാധിത പ്രദേശങ്ങളുടെ 10 കിലോമീറ്റർ പരിധിയിലുള്ള കോഴിക്കടകൾ അടച്ചു പൂട്ടിയിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ച ഭാഗങ്ങളിലേക്ക് കോഴി ലോഡുമായുള്ള വാഹനങ്ങൾക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശനമനുവദിക്കില്ല.കൊടിയത്തൂർ മേഖലയിലെ ചില വീട്ടുകാർ കോഴികളെ അകലെയുള്ള ബന്ധുവീടുകളിലേക്ക് മാറ്റിയതായി ആക്ഷേപമുണ്ട്. ഇങ്ങനെ മാറ്റിയ കോഴികൾക്ക് രോഗബാധയുണ്ടെങ്കിൽ വൈറസ് കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന ആശങ്കയുണ്ട്.