എലത്തൂർ: കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ എരഞ്ഞിക്കൽ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി നീളുന്നതിനെതിരെ വ്യാപാരികൾ സംഘടിച്ച് പ്രക്ഷോഭത്തിനിറങ്ങുന്നു.
മാസങ്ങൾക്കു മുമ്പാണ് വാഹനമിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നത്. നവീകരണപ്രവൃത്തിയ്ക്ക് ഫണ്ട് പാസ്സായി കരാർ ഏല്പിച്ചതുമാണ്. എന്നാൽ, ഇതുവരെ കരാറുകാരൻ പണി തുടങ്ങിയിട്ടില്ല. നാട്ടുകാർ താത്കാലികമായി കൈവരി കെട്ടി ബദൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുയാണ് ഇപ്പോൾ. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. കോരപ്പുഴ പാലം പണി നടക്കുന്നതിനാൽ അതുവഴിയുള്ള വാഹനങ്ങളും ഈ പാലത്തിലൂടെയാണ് പോകുന്നത്. പരിസരത്തെ മൂന്ന് സ്‌കൂളിലെ വിദ്യാർത്ഥികളടക്കം ആശ്രയിക്കുന്നതും ഈ പാലമാണ്.
അപകടം പതിയിരിക്കുന്ന പാലം നന്നാക്കുന്നതിലുള്ള അനിശ്ചിതത്വം ഇനിയെങ്കിലും ഒഴിവാക്കണമെന്ന് വ്യാപാരികൾ പറയുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി എരഞ്ഞിക്കൽ യൂണിറ്റ് പ്രവർത്തകസമിതി യോഗത്തിലായിരുന്നു സമരത്തിനുള്ള തീരുമാനം. എരഞ്ഞിക്കൽ വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി.അശോകൻ, ജനറൽ സെക്രട്ടറി പുഴവക്കത്ത് പ്രബോധ് കുമാർ, വൈസ് പ്രസിഡന്റുമാരായ കെ.സുരേഷ്, പി.മണി, സെക്രട്ടറി സി.കെ. ചന്ദ്രൻ, ട്രഷറർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.