സുൽത്താൻ ബത്തേരി: കന്നുകാലികൾക്കാവശ്യമായ വെറ്ററിനറി മരുന്നുകൾ ന്യായവിലയ്ക്ക് ക്ഷീരകർഷകർക്ക് ലഭ്യമാക്കാൻ ബത്തേരി മിൽക് സൊസൈറ്റി ക്ഷീര മെഡിക്കൽസ് ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം 14-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബത്തേരി കോട്ടക്കുന്നിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിക്കുമെന്ന് സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സുൽത്താൻ ബത്തേരി മിൽക് സൊസൈറ്റിയിൽ പാൽ അളക്കുന്ന മെമ്പർമാർക്ക് പ്രതിവർഷം അയ്യായിരം രൂപ വരെ വിലയുള്ള മരുന്നുകൾ സൗജന്യമായി നൽകും. അയ്യായിരം രൂപയ്ക്ക് മുകളിൽ വരുന്ന തുക കർഷകന്റെ പാൽവിലയിൽ നിന്ന് ഈടാക്കും. പണം നൽകാതെ തന്നെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ മെമ്പർമാർക്ക് ലഭിക്കും. ഡോക്ടറുടെ കുറിപ്പുമായി വരുന്ന സംഘത്തിലെ മെമ്പർമാരല്ലാത്തവർക്കും ന്യായമായ വിലയ്ക്ക് മരുന്ന് നൽകും.

ഉദ്ഘാടന യോഗത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആദ്യ വിൽപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി നിർവ്വഹിക്കും.
വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ.സി.ഗോപിദാസ്, ഡയറക്ടർമാരായ ബേബി വർഗ്ഗീസ്, സിന്ധു ഹരിദാസ്, സിന്ധു സജീവൻ ,സെക്രട്ടറി പി.പി.വിജയൻ എന്നിവർ പങ്കെടുത്തു.