മാനന്തവാടി: അപകടം പതിവായ ഉണ്ടാവുന്ന മാനന്തവാടി മൈസൂരു റോഡ് ജംഗ്ഷനിൽ ചരക്ക് ലോറി വിണ്ടും നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. തിരക്കേറിയ കവലയിൽ സംഭവ സമയത്ത് ആളുകൾ ഉണ്ടായിരുന്നില്ല.
പോക്കർ എന്നയാളുടെ പച്ചക്കറി കടയുടെയും സമീപത്തെ ലോട്ടറി സ്റ്റാളിന്റെയും ഓടുകൾ തകർന്നെതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരുക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലോറി ഇടിച്ച് കയറിയത്. അപകടം കുറച്ച് സമയത്തേക്ക് ഗതാഗത കുരുക്കിനും ഇടയാക്കി. ട്രാഫിക് പൊലീസ് ഇടപെട്ടാണ് കുരുക്ക് ഒഴിവാക്കിയത്.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ടോറസ് ലോറി ഹോട്ടലിലേയ്ക്ക് ഇടിച്ച്
കയറിയിരുന്നു. അന്നും ഭാഗ്യത്തിന് ആളപായം ഉണ്ടായില്ല. മാനന്തവാടി മൈസൂരു റോഡിൽ നിന്ന് വള്ളിയൂർക്കാവ് റോഡ് കവലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അടിക്കടി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമാണ് കാരണം. പലപ്പോഴും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികൾ ഇവിടെ കുടുങ്ങുന്നത് മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കിന് ഇടയാക്കുന്നുണ്ട്.
മാനന്തവാടി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ സി.എം.സുശാന്താണ് പലവട്ടം ഇങ്ങനെ കുടുങ്ങിയ ലോറികൾ സാഹസികമായി
പുറത്തെത്തിച്ചത്.
മൈസൂരു റോഡിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചെറ്റപ്പാലം ബൈപ്പാസ് വഴി തിരിച്ച് വിടണമെന്ന ഗതാഗത ഉപദേശക സമിതിയുടെ ഏറെ മുമ്പേയുള്ള തീരുമാനം ഇതുവരേയും നടപ്പിലാക്കിയിട്ടില്ല. ചെറ്റപ്പാലത്ത് ട്രാഫിക് പൊലീസിനെ നിയോഗിക്കിക്കുകയും ചെയ്തിട്ടില്ല.
നിലവിൽ നടന്ന് വരുന്ന കൈതക്കൽ റോഡ് നിർമാണം പൂർത്തായാകുമ്പോൾ വലിയ വാഹനങ്ങൾ അതുവഴി
തിരിച്ച് വിടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.