രാമനാട്ടുകര: ജില്ലാ അതിർത്തിയിൽ വരുന്ന വൈദ്യരങ്ങാടി - രാമനാട്ടുകര ഹൈസ്‌കൂൾ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി നാട്ടുകാർ പ്രക്ഷോഭത്തിനു ഒരുങ്ങുന്നു.

റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രയ്ക്കു പോലും പറ്റാത്ത പരുവത്തിലായിരിക്കുകയാണെന്ന് സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാമനാട്ടുകര നഗരസഭയിലെ 12,13 ഡിവിഷനിലൂടെ പോകുന്ന റോഡിന് 851 മീറ്റർ നീളമേയുള്ളൂ. വീതി 4.7 മീറ്ററും. അടുത്തിടെ വാട്ടർ അതോറിറ്റിയുടെ ചീക്കോട് പദ്ധതിയ്ക്ക് പൈപ്പിടുന്നതിനായി ചാലുകൾ കീറിയതോടെയാണ് പ്രശ്നം സങ്കീർണമായത്. രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന റോഡാണെന്നിരിക്കെ ദിവസവും ആയിരത്തോളം വിദ്യാർത്ഥികളെങ്കിലും ഉപയോഗിക്കുന്നുണ്ട് ഈ വഴി. കഴിഞ്ഞ പ്രളയകാലത്ത് മലപ്പുറം ജില്ലയിലെ പേങ്ങാട്, പെരിങ്ങാവ്, പുതുക്കോട്, കാരാട്, അഴിഞ്ഞിലം പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഈ റോഡ് രക്ഷാപ്രവർത്തനത്തിന് ഏറെ ആക്കം കൂട്ടിയിരുന്നു. എന്നിട്ടും രാമനാട്ടുകര നഗരസഭ അധികൃതരുടെ ഭാഗത്തു നിന്ന് ഈ റോഡിന് നേരെ അവഗണനയാണെന്നും അവർ പറഞ്ഞു.

റോഡിന്റെ കുറച്ചുഭാഗം മാത്രമാണ് കോഴിക്കോട് ജില്ലയിൽ. ബാക്കി മലപ്പുറം ജില്ലയുടെ പരിധിയിലാണ്. ആ ഭാഗത്ത് എം.എൽ. എ ഫണ്ട് ഉപയോഗിച്ച് പണി നടക്കുന്നുണ്ട് . ഈയിടെ ഈ റോഡിന്റെ അറ്റകുറ്റപ്പണിയ്ക്ക് അധികൃതർ കരാറുകാരെ ഏല്പിച്ചതാണ്. എന്നാൽ പണിയിലെ പൊള്ളത്തരം ചോദ്യം ചെയ്യപ്പെട്ടതോടെ അധികൃതർ പണി നിറുത്തിവെപ്പിച്ചു. മാർച്ച് തീരുന്നതോടെ ഫണ്ട് ലാപ്സാവുമെന്ന ആശങ്കയുണ്ട് നാട്ടുകാർക്ക്.

പൊതുഗതാഗതം ഏറെയില്ലാത്ത ഈ റോഡിലൂടെ ഇപ്പോൾ ഓട്ടോറിക്ഷ പോലും വരാൻ മടിക്കുകയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ റോഡുകൾ ജനുവരി 31 നകം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നഗരസഭാ അധികൃതർ ലംഘിച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിൽ കെ.പി.മനോജ്കുമാർ, കെ.അരുൺലാൽ, എൻ.സുനിൽകുമാർ, ലിഖിൽലാൽ, ഹരീഷ്, അരുൺ, ടി.കെ.സനൽരാജ്, വിഷ്ണു, ദീപക് എന്നിവർ പങ്കെടുത്തു.