മാനന്തവാടി: ഭവന നിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട കരിമം കോളനിവാസികൾ മാനന്തവാടി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
കോളനിയിലെ 19 കുടുംബങ്ങൾക്ക് എ.ടി.എസ്.പി.യിൽ ഉൾപ്പെടുത്തി അഞ്ച് വർഷം മുമ്പ് വീടുകൾ അനുവദിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വീട് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കോളനിവാസികൾ സമരവുമായി എത്തിയത്.
പ്രളയ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് വീടുകളുടെ പ്രവർത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് വീടുകളുടെ നിർമ്മാണം ആരംഭിക്കാൻ അധികൃതർ അനാസ്ഥ കാണിക്കുകയാണെന്ന് കോളനിവാസികൾ ആരോപിച്ചു. ടി.ഡി.ഒ ജി.പ്രമോദുമായി നടത്തിയ ചർച്ചയിൽ ലൈഫ് മിഷൻ, പി.എം.എ.വൈ എന്നിവയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിന്
പ്രത്യേക പരിഗണന നൽകണമെന്ന് പട്ടികവർഗ്ഗ വകുപ്പ് ഡയരക്ടർക്ക് അടിയന്തിരമായി റിപ്പോർട്ട് നൽകുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. കെ.സി.പ്രജിത, പി.വി ബിന്ദു, സവിത ബാലൻ,ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.