മാനനന്തവാടി: വർഷങ്ങളായി തങ്ങൾ നികുതിയടച്ച് കൈവശം വെച്ച് വരുന്ന ഭൂമിയുടെ ഒരുഭാഗം വ്യാജരേഖയുണ്ടാക്കി ഏതാനും ചിലർ ചേർന്ന് കൈയ്യറിയതായി ഒണ്ടയങ്ങാടി പുളിക്കുന്നേൽ മേരിയുടെ മകൻ ജിനോഷും ഭാര്യ റിനിയും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കൈയ്യറിയ ഭൂമിയിൽ മണ്ണ്നീക്കം ചെയ്യുന്നതായും ഇത് ചോദ്യം ചെയ്ത തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഇവർ പറഞ്ഞു.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും സബകളക്ടർക്കും തഹസിൽദാർക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് വിളിച്ചുചേർത്ത വിചാരണയിൽ യഥാർത്ഥ ഉടമ ഹാജരാവാതെ ആൾമാറാട്ടം നടത്തുകയാണുണ്ടായത്. സ്ഥലം അളന്നു തിരിച്ചു തരാനായി താലൂക്ക് സർവ്വെയർക്ക് ജില്ലാ കളക്ടർ മുൻഗണനാ ഉത്തരവ് നൽകിയെങ്കിലും ഇതുവരെയും അളവ് നടത്തിയിട്ടില്ല.

തങ്ങളുടെ ഭൂമിയോട് ചേർന്നുകിടക്കുന്ന അന്ധനായ ബന്ധുവിന്റെ സ്ഥലവും ഇവർകൈയ്യേറിയതായി കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് വ്യാപാരികളുടെ ഭീഷണിക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.