കൽപ്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷനും നബാർഡും സംയുക്തമായി നടത്തുന്ന താളും തകരയും കുടുംബശ്രീ ഫെസ്റ്റ് കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് ആരംഭിച്ചു. മുപ്പതോളം വീട്ടമ്മമാരുടെ പാചക വൈദഗ്ധ്യമാണ് മേളയുടെ ആകർഷണം. ആദിവാസി മേഖലയിലെ തനതു വിഭവങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ചെണ്ടൻ കപ്പ, കാന്താരിച്ചമ്മന്തി, പുഴുങ്ങിയ ചേന, ചേമ്പ്, ഏത്തപ്പഴം, കുമ്പിളപ്പം, പക്കവട, ഉപ്പിലിട്ട മാങ്ങാചമ്മന്തി, വഴച്ചുണ്ട് തോരൻ, ഇടിച്ചക്ക ഉപ്പേരി തുടങ്ങിയ നാടൻ വിഭവങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. കൂടാതെ കപ്പ ബിരിയാണി, ചിക്കൻ കായ, ബനാന ജർമ്മൻ ബോൾ, കപ്പ ബീഫ് കബാബ്, പിടിയും നാടൻ കോഴിക്കറിയും എന്നിവയും മേളയിൽ ലഭിക്കും.
കുടുംബശ്രീ തനത് ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കറി പൗഡറുകൾ ഭക്ഷ്യവസ്തുക്കൾ, പലഹാരങ്ങൾ, പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ, നഴ്സറി തൈകൾ, അലങ്കാര മത്സ്യങ്ങൾ, മ്യൂറൽ പെയിന്റിംഗ്സ്, മുളയുൽപന്നങ്ങൾ, പച്ചക്കറികൾ, കുടുംബശ്രീ ഐസ്‌ക്രീം, കാർഷിക ഉൽപന്നങ്ങൾ എന്നിവ മേളയിൽ ലഭ്യമാകും.
മേള നബാർഡ് ഏരിയ ജനറൽ മാനേജർ വി.വി.ജിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. സാജിത അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ.ടി.മുരളി, പി.വാസു പ്രദീപ്, മാർക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജർ രമ്യ രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.