കൽപ്പറ്റ: വയനാട്ടിൽ നിന്ന് സ്‌ക്രാപ് ലോഡുമായി പോകുന്ന ലോറികൾ ചെക്‌പോസ്റ്റുകളിൽ തടഞ്ഞിടുന്നതായി സ്‌ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കർണാകടത്തിലേക്ക് കൊണ്ടുപോകുന്ന സ്‌ക്രാപ് ലോഡുകളാണ് മൂലഹള്ള, കുട്ട, ബാവലി ചെക്‌പോസ്റ്റുകളിൽ തടഞ്ഞിടുന്നത്. നിയമപ്രകാരം 18 ശതമാനം ജി.എസ്.ടി അടച്ച് അസംസ്‌കൃത വസ്തുക്കളുമായി കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ലോറികൾ കഴിഞ്ഞ ഒരാഴ്ചയായി അധികൃതർ തടയുകയാണ്. ചാമരാജ് നഗർ ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് ലോറികൾ തടയുന്നതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. മുൻപ് പണം നല്കുന്ന വാഹനങ്ങൾ കടത്തിവിട്ടിരുന്നു. എന്നാൽ നികുതിയടച്ച് നടപടി ക്രമങ്ങളും പാലിച്ച് ലോഡ് കയറ്റിയയയ്ക്കുന്ന വ്യാപാരികൾ അതിന് തയ്യാറാവാതെ വന്നതോടെയാണ് ഒരാഴ്ചക്കിടെ 25ലധികം ലോഡുകൾ കർണാടക- കേരള അതിർത്തി ചെക്‌പോസ്റ്റുകളിൽ പിടിച്ചിട്ടത്. പഴയ ഇരുമ്പ്, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ അടക്കമുള്ളവയാണ് വിവിധ ഫാക്ടറികളിലേക്ക് വയനാട്ടിൽ നിന്നും കയറ്റി അയയ്ക്കുന്നത്. ഇവയാണ് മാലിന്യമാണെന്ന പേരിൽ ചെക്‌പോസ്റ്റുകളിൽ പിടിച്ചിടുന്നത്.
നോട്ട് നിരോധനവും ജി.എസ്.ടിയും തകർത്ത ഈ വ്യാപാര മേഖല ഏറെ പ്രയാസപ്പെട്ടാണ് മുന്നോട്ട് പോകുന്നത്. പ്രശ്നത്തിൽ കേരള സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടാവണമെന്ന് ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.സി ബാവ, സെക്രട്ടറി ആറ്റക്കോയ തങ്ങൾ, നാസർ തൊണ്ടിയിൽ, വി.പ്രജീഷ് കുമാർ, ഹനീഫ കൽപ്പറ്റ എന്നിവർ പങ്കെടുത്തു.