കൊയിലാണ്ടി : ചേമഞ്ചേരി പൂക്കാട് പൂളയുള്ളതിൽ പി. വിനോദൻ മാസ്റ്ററുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. വയനാട് പൂക്കോട് ജി ആർ എച്ച് എസിലെ പ്രധാനാദ്ധ്യാപകനായിരുന്ന വിനോദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പയ്യോളിയിൽ വെച്ച് തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. താൻ ജോലി ചെയ്തിരുന്ന വിദ്യാലയത്തിൽ നിന്ന് ഉണ്ടായ കടുത്ത മാനസിക പീഡനങ്ങളുടെ പരിണിത ഫലമാണ് ഇത്തരമൊരു മരണത്തിലേക്ക് വിനോദൻ മാസ്റ്ററെ നയിച്ചത്. സംശയിക്കാവുന്ന ഒരു പാടു ഘടകങ്ങളുണ്ടെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ദാരുണ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുന്നത്. ഈയൊരു സാഹചര്യത്തിലാണ് മാർച്ച് 9ന് ചേമഞ്ചേരി പഞ്ചായത്ത് എഫ്.എഫ് ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ടിന്റെ അദ്ധ്യക്ഷതയിൽ നേതൃത്വത്തിൽ ഒരു ആക്ഷൻ കമ്മറ്റി യോഗം ചേർന്നത്. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് ചെയർമാനും വാർഡ് മെമ്പർ സബിതാ മേലാത്തൂർ കൺവീനറുമായി ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. 23 അംഗ ആക്ഷൻ കമ്മറ്റി പ്രവർത്തനമാരഭിച്ച് വകുപ്പ് തല അന്യേഷണത്തോടൊപ്പം പൊലീസ് അന്വേഷണവും നടത്തണമെന്ന് ആവശ്യപ്പെട്ടു.