കുറ്റ്യാടി: കാലങ്ങളായി കനാൽ ശുചീകരണം നടക്കാത്തതിനെ തുടർന്ന് വെള്ളമെത്താത്ത വേളം പെരുവയൽ എഴുവലത്ത് കുനിയിൽ വിഖായ പ്രവർത്തകരുടെ സമയോചിതമായഇടപെടലോടെ 35 വർഷങ്ങൾക്ക് ശേഷം ഇന്നലെ ആദ്യമായി വെള്ളമെത്തി. എസ്.കെ.എസ്.എസ്.എഫ് അരമ്പോൽ ശാഖ വിഖായ പ്രവർത്തകരാണ് നാട്ടുകാരുടെ ദുരിതം കണ്ടറിഞ്ഞ് സേവന പ്രവൃത്തി നടത്തിയത്. പെരുവയൽമുക്ക് മുതൽ എഴുവലത്ത് കുനി വരെ ഏകദേശം ഒരു കിലോമീറ്ററോളം ഭാഗമാണ് മണ്ണും അടിഞ്ഞുകൂടിയ കല്ലും നീക്കി ശുചീകരിച്ചത്. പെരുവയലിന് മുൻപുള്ള പ്രദേശമായ ചാലിൽമുക്ക് വരെ മാത്രമാണ് വർഷംതോറും വെള്ളമെത്താറുള്ളത്. ശുചീകരണം കാര്യക്ഷമമായി നടത്താത്തതായിരുന്നു വെള്ളമെത്താത്തതിന്റെ പ്രധാന കാരണം. തൊഴിലുറപ്പ് തൊഴിലാളികൾ ഇവിടം ശുചീകരണം നടത്താറുണ്ടെങ്കിലും കാട് വെട്ടിത്തെളിക്കൽ മാത്രമാണ് നടത്താറ്. ഇതിനിടെ മുൻവർഷം നാട്ടുകാർ സ്വന്തമായി പണം മുടക്കി ശുചീകരണം നടത്തിയിട്ടും വെള്ളമെത്തിയിരുന്നില്ല. ആരുടെയും നിർദേശം ഇല്ലാതെ നാടിന്റെ ആവശ്യം കണ്ടറിഞ്ഞുള്ള വിഖായ പ്രവർത്തകരുടെ ശുചീകരണത്തെ നാട്ടുകാർ അഭിനന്ദിച്ചു. ശുചീകരണം ജലീൽ റഹ്മാനി ശാഖാ പ്രസിഡന്റ് കെ.കെ ജാബിറിന് ഉപകരണം കൈമാറി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി യു.എം അഖ്ദസ്, സി.കെ കരീം, അബ്ദുല്ല കൊമ്മാട്ട്. സ്വാലിഹ് വേളം, സി.പി മുഹമ്മദ്, സി.പി സുഹൈൽ, ഒ.ഫാഇസി, പി.സഅദ്, കെ.കെ റമീസ്, സി.പി മുഫീദ്, എം ശാനിഫ്, വി ഫാഇസ് നേതൃത്വം നൽകി.