# പക്ഷിപ്പനി പ്രതിരോധത്തിൽ കൗൺസിലർമാരുടെ സഹകരണം ലഭ്യമല്ലന്ന പരാതി പരിഹരിക്കണമെന്ന് മേയർ

# കോർപ്പറേഷൻ പരിധിയിലെ പൊതുപരിപാടികൾ നിറുത്തിവെയ്ക്കും

# വാർഡ് കൗൺസിലർമാർമാർ ജാഗ്രത പുലർത്തണം

കോഴിക്കോട് : കൊറോണ, പക്ഷിപ്പനി തുടങ്ങിയ പകർച്ചാവ്യാധികളുടെ പശ്ചാത്തലത്തിൽ പ്രതിരോധം ശക്തമാക്കുമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.

കൗൺസിലർമാരുടെ കാര്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് ജില്ല കളക്ടർ പരാതി അറിയിച്ചിട്ടുണ്ടെന്ന് മേയർ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.

എന്നാൽ തടമ്പാട്ടുതാഴം കൗൺസിലർ കെ. രതീദേവിയും വേങ്ങേരി കൗൺസിലർ യു. രജനിയും ഇത് നിഷേധിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്വാഡിനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. ബോധവതകരണത്തിന് കൗൺസിലർമാർ മുന്നിട്ടിറങ്ങണമെന്ന് മേയർ അറിയിച്ചു. നഗരത്തിൽ വേങ്ങേരിയോട് ചേർന്ന് എട്ട് വാർഡുകളിലാണ് പക്ഷികളെ നശിപ്പിക്കേണ്ടത്.

ഡബ്ല്യു. എച്ച്.ഒയുടെ മാനദണ്ഡം അനുസരിച്ചാണ് ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളെ നശിപ്പിക്കുന്നതെന്ന് ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാർ പറഞ്ഞു. ആരോഗ്യ വിഭാഗം കാര്യമായി പ്രവർത്തിക്കുന്നുണ്ട്. പക്ഷികളെ നശിപ്പിക്കുന്ന ഇടങ്ങളിൽ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും മറ്റും അണുനശീകരണ സൊലൂഷനുകളും ഉപയോഗിച്ച് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നഗരത്തിൽ കാക്കകൾ ദിവസങ്ങൾക്ക് മുമ്പേ കാക്കകൾ ചത്തുവീണപ്പോൾ തന്നെ പരിശോധനയ്ക്ക് അയച്ചിരുന്നു. യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ എം.സി സുധാമണി ശ്രദ്ധക്ഷണിച്ചു.

@ പാറോപ്പടി വാർഡിൽ ഉദ്യോസ്ഥരെ ജനക്കൂട്ടം തടഞ്ഞു

പറോപ്പടി വാർഡിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ജനക്കൂട്ടം തടഞ്ഞ അവസ്ഥയുണ്ടായതായി ഹെൽത്ത് ഓഫീസർ പറഞ്ഞു.

പക്ഷിപ്പനി റിപ്പോർട്ടുചെയ്ത വേങ്ങേരിയിലും തൊട്ടടുത്ത തടമ്പാട്ടുതാഴത്തും പരിശോധന നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാൽ ഒരുകിലോ മിറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെകൂടി നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ചില സമീപ വാർഡുകളിലും പരിശോധന നടത്തേണ്ടി വന്നു. അതേസമയം വാർഡ് കൗൺസിലർ പി.എം. സുരേഷ്ബാബു കൗൺസിൽ യോഗത്തിൽ അവധിയായിരുന്നു.


# ഹോട്ടലുകളിൽ ചിക്കൻ കിട്ടുന്നതെങ്ങനെ

വേങ്ങരിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ചിക്കൻസ്റ്റാളുകൾ അടച്ചിട്ടിട്ടും ഹോട്ടലുകളിൽ ചിക്കൻ കിട്ടുന്നതെങ്ങനെയാണെന്ന് സി.അബ്ദുറഹിമാൻ ചോദിച്ചു. ഇത് പരിശോധിക്കണെന്ന് മേയർ ആവശ്യപ്പെട്ടു.

# ആരോഗ്യ സ്ഥിരംസമിതി ചെയർമാനടക്കം വിദേശയാത്രയിൽ

നഗരം കൊറോണ, പക്ഷി പനി ഭീതിയിൽ നിൽക്കുമ്പോൾ കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ് അടക്കം ആറ് കൗൺസിർമാർ വിദേശയാത്രയിൽ. പക്ഷികളെ നശിപ്പിക്കുന്ന പൂളാ‌ടിക്കുന്ന് വാർഡിലെ കൗൺസിലർ പി. ബിജുലാലും വിദേശയാത്രയിലാണ്. ആറ് ഭരണപക്ഷ കൗൺസിലർമാർ ദുബായിൽ വിനോദയാത്രയ്ക്ക് പോയതായി മുഹമ്മദ് ഷമീൽ കൗൺസിൽ യോഗത്തിൽ ആരോപണം ഉന്നയിച്ചു. കൗൺസിലിനെ അറിയിക്കാതെയും മേയറുടെ അനുമതി ഇല്ലാതെയുമാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് , ആരോഗ്യ കമ്മിറ്റിയംഗങ്ങളായ മുല്ലവീട്ടിൽ മൊയ്തീൻകോയ, വി.ടി.സത്യൻ, പി.ബിജുലാൽ എന്നിവരും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ. എം.പി. സുരേഷ് എന്നീ ആറുപേർ വിനോദയാത്രയ്ക്ക് പോയതെന്നാണ് ഷമീലിന്റെ ആരോപണം.

ആരോഗ്യവകുപ്പിന്റെ ഗൈ‌ഡ്ലൈൻ പ്രകാരം ദുബായ് യാത്ര കഴിഞ്ഞ് തിരികെയത്തുന്ന ഇവർക്ക് കോർപ്പറേഷന്റെ ബഡ്ജറ്റ് ചർച്ചയിലടക്കം പങ്കെടുക്കാൻ കഴിയില്ലെന്നും ഷമീൽ പറഞ്ഞു. വിദേശയാത്രയ്ക്ക് അനുമതി നൽകിയിരുന്നെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ആറംഗ സംഘം മാർച്ച് 15ന് മടങ്ങിയെത്തും.

"എന്റെ കോഴിക്ക് രോഗമില്ലെന്ന ന്യായം പറയുന്നവർ ജനങ്ങളുടെ ജീവന് പ്രാധാന്യം നൽകുകയാണ് വേണ്ടത്. പ്രശ്‌നത്തിൽ കോർപറേഷൻ കർശനമായി ഇടപെടും. ഹോട്ടലുകാർക്ക് ചിക്കൻ ലഭിക്കുന്നത് എങ്ങനെയെന്ന് അന്വേഷിക്കും"- മേയർ തോട്ടത്തിൽ രവീന്ദ്രൻ