വടകര: എട്ടു മാവോവാദികളെ വെടിവെച്ചു കൊന്നതിലടക്കമുള്ള സർക്കാരിന്റെയും പാർട്ടിയുടേയും ജനാധിപത്യവിരുദ്ധ നിലപാടുകൾ ചോദ്യം ചെയ്തതിനുള്ള ശിക്ഷയാണ് അലനും താഹയും നേരിടുന്ന യു.എ.പി.എ കേസും അനന്തമായ ജയിൽവാസവുമെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു. വടകര കോട്ടപ്പറമ്പിൽ നടന്ന പൗരവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വാളയാർ സംഭവത്തിലും ഇവർ ശക്തമായി പ്രതിഷേധിച്ചിരുന്നു. എതിരഭിപ്രായങ്ങളെ എങ്ങനെയും അടിച്ചമർത്തുന്ന സിപിഎം രീതിയാണ് ഇതിൽ വെളിവാകുന്നത് എന്നദ്ദേഹം കൂട്ടിച്ചേർത്തു. കെ. ലിനീഷ് അദ്ധ്യക്ഷം വഹിച്ചു. അലൻ,താഹ ഐക്യദാർഢ്യ സമിതി ചെയർമാനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ എൻ.പി. ചേക്കുട്ടി, ആർ.എം.പി.ഐ. കേന്ദ്ര കമ്മറ്റി അംഗം കെ.കെ.രമ , ആസിഫ് കുന്നത്ത്, മുസ്ലീം ലീഗ് നേതാവ് എം.ഫൈസൽ, വി കെ അസീസ് എന്നിവർ സംസാരിച്ചു.