# പ്രമേയത്തെ എതിർത്ത് സി.പി.എം, എൽ.ജെ.ഡി, എൻ.സി.പി അംഗങ്ങൾ

# പ്രമേയം അവതരിപ്പിച്ചത് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണൻ

# മിണ്ടാതിരുന്ന് സി.പി.ഐ അംഗം ആശ ശശാങ്കൻ

കോഴിക്കോട് : കോംട്രസ്റ്റ് നെയ്ത് ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണൻ അവതരിപ്പിച്ച പ്രമേയം പാസായില്ല. യു.ഡി.എഫ് അനുകൂലിച്ചപ്പോൾ സി.പി.എം, എൽ.ജെ.ഡി, എൻ.സി.പി അംഗങ്ങൾ പ്രമേയത്തെ എതിർത്തു. കൗൺസിലിലെ സി.പി.ഐ അംഗം ആശ ശശാങ്കൻ നിഷ്പക്ഷത പാലിച്ചു.
ഫാക്ടറി ഏറ്റെടുക്കണമെന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി രണ്ടു വർഷം പിന്നിട്ടെങ്കിലും ഇന്നും കമ്പനി തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ഭൂമാഫിയകൾക്ക് കമ്പനി ഭൂമി വില്പന നടത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നതെന്ന് നമ്പിടി നാരായണൻ പറഞ്ഞു. കമ്പനി തുറന്നുപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഒറ്റയ്ക്കും ബി.എം.എസ്, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതിയും പ്രതിഷേധങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫാക്ടറിയെ മ്യൂസിയമാക്കി നിലനിറുത്താനാണ് സർക്കാ

തീരുമാനമെന്നും അതിനാൽ പ്രമേയത്തെ അനുകൂലിക്കാനാവില്ലെന്നും നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ എം.സി. അനിൽകുമാർ പറഞ്ഞു. 20ന് എതിരെ 30 വോട്ടുകൾക്ക് പ്രമേയം തള്ളി.

# കുടിവെള്ള പ്രശ്നം, മേയർ മന്ത്രിയെ കാണും

കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ നാളെ തിരുവനന്തപുരത്ത് ജലസേചന വകുപ്പ് മന്ത്രിയെ കാണും. എം. എം. ലതയാണ് കുടിവെള്ളപ്രശ്നം കൗൺസിൽയോഗത്തന്റെ ശ്രദ്ധക്ഷണിച്ചത്. കെ.കെ.റഫീഖ്, കെ.നിർമല, ഉഷാദേവി, സി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

# തെരുവ് വിളക്ക് കത്തും

നഗരത്തിൽ ഏപ്രിൽ 30നുള്ളിൽ എൽ.ഇ.ഡി തെരുവ് വിളക്കുകൾ കത്തുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. ദിവസേന ആയിരം എൽ.ഇ.ഡി തെരുവ് വിളക്കുകളെങ്കിലും കരാർ നൽകിയ കർണാടക ഇലക്ട്രോണിക്‌സ് കോർപറേഷൻ സ്ഥാപിക്കുന്നുണ്ട്. എൻ.സതീഷ് കുമാറും കെ.ടി.ബീരാൻ കോയയുമാണ് ശ്രദ്ധ ക്ഷണിച്ചത്.

# പാർക്കിംഗ് ചർച്ച 16ന്

ബീച്ചിൽ ശനി, ഞായർ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ഗതഗതക്കുരുക്കിനെപ്പറ്റി തോമസ് മാത്യു ശ്രദ്ധക്ഷണിച്ചു. 16ന് ചേരുന്ന ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗത്തിൽ ഗതാഗതക്രമീകരണത്തെപ്പറ്റി ചർച്ച ചെയ്യുമെന്ന് മേയർ അറിയിച്ചു. കടപ്പുറത്ത് മുഴുവൻ സമയ പൊലീസ് ഇടപെടലുകൾ ഉണ്ടാവുമെന്നും കമ്മറ്റി ചെയർ മാൻകൂടിയായ മേയർ പറഞ്ഞു.

# മാദ്ധ്യമ വിലക്കിനെതിരെ അടിയന്തര പ്രമേയം


ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിെന്റ പേരിൽ രണ്ട് ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ കോർപ്പറേഷൻ കൗൺസിൽ യോഗം അടിയന്തര പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. ടി.വി.ലളിത പ്രഭയും മുസ്‌ലിംലീഗിനെ സി.അബ്ദുറഹിമാനുമാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

#പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചു

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം പ്രതിഷേധത്തെ തുടർന്ന് മാറ്രിവെച്ചു. നിയമനം മാനദണ്ഡം പാലിക്കാതെയാണെന്ന് പ്രതിപക്ഷം നിലപാടെടുത്തു. പരസ്യം നൽകാതെയാണ് വാക് ഇൻ ഇന്റർവ്യൂ നടത്തിയതെന്ന് കെ.സി. ശോഭിത ആരോപിച്ചു. പത്രത്തിൽ വാർത്ത നൽകിയിട്ടുണ്ടെന്നും വാക് ഇൻ ഇന്റർവ്യൂവിന് പരസ്യം നൽകേണ്ടെന്നും സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു. എന്നാൽ പത്രവാർത്ത വന്നത് എന്നാണെന്നും അതിന്റെ കോപ്പിയും ലഭ്യമാക്കാത്ത സാഹചര്യത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അജണ്ട മാറ്റിവെക്കുന്നതായി അറിയിച്ചു. വി. റഹിയ, മുഹമ്മദ് ഷമീൽ, അനിത രാജൻ, ഉഷാദേവി, സി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.