കൽപ്പറ്റ: ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച നിരീക്ഷണ കാലയളവിൽ വീടുകളിൽ നിന്ന് നിർദ്ദേശം ലംഘിച്ച് പുറത്ത് പോകുന്നത് കുറ്റകരമായി കണക്കാക്കുന്നതും പൊതുജനാരോഗ്യ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസെടുക്കുമെന്നും ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു. കളക്‌ട്രേറ്റിൽ ചേർന്ന ആരോഗ്യ ജാഗ്രത അവലോകനത്തിലാണ് നടപടി.


നിലവിൽ 31 പേരാണ് ജില്ലയിൽ നിരീക്ഷത്തിൽ കഴിയുന്നത്. 30 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുളളത്.

മുഴുവൻ സർക്കാർ ഓഫീസുകളിലും സാനിറ്റൈസർ വെക്കണം. പൊതുയിടങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിക്കും. ജില്ലയിലെ ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, നേർച്ചകൾ, പെരുന്നാളുകൾ തുടങ്ങിയ ചടങ്ങുകൾ ലഘൂകരിക്കണം. ഇവ ചടങ്ങുകൾ മാത്രമാക്കി നിജപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ വികസന സെമിനാറുകളും പൊതു പരിപാടികളും മാറ്റിവെക്കണം. വിവാഹം പോലുളള ആഘോഷങ്ങൾ ലളിതമാക്കണം. വിദേശികൾ താമസിക്കാൻ എത്തുന്ന വിവരം റിസോർട്ടുടമകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ച്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി

കൊറോണ, കുരങ്ങുപനി, പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയിൽ ദുരന്ത നിവാരണ അതോറിററി ഉത്തരവിറക്കി. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതും, ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നതുമായ ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ്19 വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ

ന്മ വിദ്യാലയങ്ങൾ അടച്ച സാഹചര്യത്തിൽ ട്യൂഷൻ ക്ലാസുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ തുടങ്ങിയവയൊന്നു നടക്കുന്നില്ലെന്ന് ജില്ലാ വിദ്യാഭ്യസ ഡെപ്യുട്ടി ഡയറക്ടർ ഉറപ്പ് വരുത്തണം.

ന്മ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകൾ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികൾ ഒഴിവാക്കണം.

ന്മ ഉത്സവ നടത്തിപ്പിന് പൊലീസ് മുമ്പാകെ ലഭിക്കുന്ന അപേക്ഷകളിൽ കർശന നിയന്ത്രണത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുവാദം വാങ്ങണം.
ന്മ വിവാഹങ്ങൾ ചുരുങ്ങിയ രീതിയിൽ ലളിതമായി നടത്തണം. വിവാഹം നടത്തുന്നതിന് മുൻപായി കളക്ടറേറ്റിലെ 04936204151 എന്ന ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.

ന്മ ജില്ലയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ള കുടുംബങ്ങളിൽ അർഹരായവർക്ക് ഭക്ഷണമെത്തിക്കാൻ സംവിധാനമുണ്ടാക്കും. ജില്ലാ സിവിൽ സപ്‌ളൈ ഓഫിസർ ഇതിനായി ഒരു പ്രത്യേക ടീമിനെ നിയോഗിക്കേണ്ടതും ജില്ലാ മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപിക്കേണ്ടതുമാണ്.

ന്മ പൊതുജനങ്ങൾ ധാരാളമായി എത്തുന്ന കളക്ടറേറ്റ് തുടങ്ങിയ ഓഫിസുകളിൽ രോഗബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ ഏർപ്പെടുത്തും.

ന്മ വിദേശത്ത് നിന്നു വരുന്ന ആളുകൾ ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാ കൺട്രോൾ റൂമിലോ 04936 204151 വിവരം അറിയിക്കേണ്ടതും, ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.
ന്മ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാർഡ് മെമ്പർമാരുടേയും ആശാ വർക്കർമാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളിൽ നിന്നു വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തും.
ന്മ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടെത്തിയാൽ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും.

ന്മ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടർ , സുരക്ഷ ജീവനക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തണം. അടിയന്തര ഘട്ടങ്ങളിൽ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സഹായം തേടണം.

കുരങ്ങ് പനി പ്രതിരോധം
കുരങ്ങുപനി പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ ഊർജ്ജിതപ്പെടുത്തും. ആദ്യ ഡോസിന് ശേഷം ഒരു മാസം കഴിഞ്ഞും ആറുമാസം കഴിഞ്ഞും ഓരോ ഡോസ് വാക്സിൻ കൂടി എടുക്കണം. തുടർ വർഷങ്ങളിൽ ഓരോ ബൂസ്റ്റർ ഡോസ് മാത്രം എടുത്താൽ മതിയാകും. ലേപനങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ കുരങ്ങ് പനി സ്ഥിരീകരിക്കപ്പെട്ട 14 പേരിൽ 4 പേർ ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

1. കുരങ്ങു മരണം നിരീക്ഷിക്കേണ്ടതും കുരങ്ങിന്റെ മൃതശരീരം കിടക്കുന്നതിന്റെ 50 മീറ്റർ ചുറ്റളവിൽ മാലത്തിയോൺ പൗഡർ വിതരണം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വാക്സിനേഷൻ എടുക്കണം.
2. അസുഖം ബാധിച്ചതോ അസുഖ ലക്ഷണങ്ങൾ കാണിക്കുന്നതോ ആയ കുരങ്ങുകളെ കൂട്ടിലാക്കി ജനവാസമുള്ള പ്രദേശങ്ങളിൽ നിന്നു മാറ്റണം. ഇവ മരണപ്പെടുകയാണെങ്കിൽ 6 മണിക്കൂറിനകം പോസ്റ്റ്‌മോർട്ടം നടത്തി കുരങ്ങു പനി മൂലമാണോ മരണം എന്ന് ഉറപ്പ് വരുത്തണം.

3. വിറകിനായും മറ്റും വനത്തിൽ പോകുന്നവരും രോഗം പടരാനിടയുള്ള വനാതിർത്തിയോട് ചേർന്നു താമസിക്കുന്ന പട്ടികവർഗ്ഗകോളനികളിൽ താമസിക്കുന്നവരും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

4. ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ കൃത്യമായി സംസ്‌ക്കരിക്കുന്നത് കുരങ്ങിന്റെ സാന്നിദ്ധ്യം ജനവാസ കേന്ദ്രങ്ങളിൽ ഒഴിവാക്കാൻ സഹായിക്കും.

5. വനത്തിനോടടുത്ത മേഖലകളിലും പട്ടികവർഗ്ഗ സങ്കേതങ്ങളിലും പനി, മറ്റ് അസുഖങ്ങളുടെയും വിവരങ്ങൾ പ്രൊമോട്ടർമാർ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഫോൺ : 04936 204151 ടോൾ ഫ്രീ 1077.

പക്ഷിപ്പനി പ്രതിരോധം

കോഴികളെ കൊണ്ടുവരുന്നതിന് വിലക്ക്

അയൽ ജില്ലകളിൽ നിന്നും ജില്ലയിലേക്ക് കോഴി ഉൾപ്പെടെയുളള പക്ഷികളെ കൊണ്ട് വരുന്നത് വിലക്കി. പൊലീസ്,മൃഗ സംരക്ഷണ വകുപ്പ്,ആർ.ടി.ഒ, ഫോറസ്റ്റ് വകുപ്പുകളോട് പരിശോധന ശക്തമാക്കാൻ നിർദ്ദേശം നൽകി. ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജില്ലയിലെ ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന കോഴികളും മറ്റും വിൽപന നടത്തുന്നതിന് തടസ്സമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.