കോഴിക്കോട്: പക്ഷിപ്പനിയുടെ പേരിൽ കോഴിക്കർഷകരെ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
കൊടിയത്തൂർ പഞ്ചായത്തിലും വേങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലാ പക്ഷികളെയും കൊന്നൊടുക്കാനും പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചത് അസോസിയേഷൻ സ്വാഗതം ചെയ്തതാണ്. എന്നാൽ ചില ഉദ്യോഗസ്ഥർ പരിധിയ്ക്കപ്പുറത്തുള്ള സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈക്കൊണ്ട തീരുമാനത്തിന് വിരുദ്ധമാണിത്. ചില ഫാമുകളിൽ നിന്ന് കോഴികളെ ഒന്നടങ്കം മാറ്റണമെന്നാണ് ഉദ്യോഗസ്ഥ നിർദ്ദേശം. വിലത്തകർച്ചയിൽ നട്ടം തിരിയുന്ന കർഷകർക്ക് ഇത് കൂടുതൽ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കും.
മുക്കം മത്തായി ചാക്കോ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം സി.എച്ച്.സി യിലെ ഡോ. സി.കെ ഷാജി, ചാത്തമംഗലം പൗൾട്രി ഫാമിലെ ഡോ.വിനീത് ചന്ദ്രൻ എന്നിവർ ക്ളാസെടുത്തു. ജില്ലാ സെക്രട്ടറി ടി.നാരായണൻ, ജോണി ഇടശേരി, ബിനുരാജ് എന്നിവർ സംസാരിച്ചു.