മാനന്തവാടി: ജില്ലാ ക്യാൻസർ സെന്ററിൽ കുടുംബശ്രിയുടെ സാന്ത്വന രോഗീപരിചരണത്തിന് തുടക്കമായി. എടവക പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ തുടങ്ങിയ രോഗി പരിചരണം അന്താരാഷ്ട വനിതാ ദിനത്തിൽ മാനന്തവാടി നഗരസഭാ ചെയർമാൻ വി ആർ പ്രവിജ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൻ പ്രിയ വിരേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഒരോ ദിവസവും ആറ് അംഗങ്ങളടങ്ങുന്ന കുടുംബശ്രീ പ്രവർത്തകരാണ് രോഗി പരിചരണത്തിനായി ആശുപത്രിയിലുണ്ടാവുക. കുടുംബശ്രീ എബ്ലം പതിച്ച പ്രത്യേക യൂണിഫോം ധരിച്ച വളണ്ടിയർമാർ ആശുപത്രിയിലെത്തുന്ന രോഗികൾക്കു വേണ്ടി സഹായം ചെയ്തു നൽകും. ജില്ലയിൽ ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വേദനിക്കുന്ന രോഗികൾക്കായി ഇത്തരമൊരു പദ്ധതി നടത്തുന്നത്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മനു.ജി. കുഴിവേലി, ഷീല കമലാസനൻ, കെ.ആർ.ജയപ്രകാശ്,ഇന്ദിര പ്രേമചന്ദ്രൻ ,സി.ഡി.എസ് ഭാരവാഹികളായ കെ.ഷർഫുനിസ, റംല കണിയാങ്കണ്ടി, റോസമ്മ ജോസ്, വത്സ ജോർജ്, പി.വി.ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.